തിരുവനന്തപുരം: നെടുമങ്ങാട് ഇരിഞ്ചയത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞുണ്ടായ അപകടത്തിൽ ഒറ്റശേഖരമംഗലം സ്വദേശി ഡ്രൈവർ അരുൾ ദാസിനെ (34) പൊലീസ് അറസ്റ്റ് ചെയ്തു. അലക്ഷ‍്യമായി വാഹനമോടിച്ച് ജീവൻ നഷ്ടപ്പെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയോടെയായിരുന്നു വിനോദസഞ്ചാരത്തിനായി പുറപ്പെട്ട സംഘം ഇരിഞ്ചയത്ത് വച്ച് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഒരാൾ മരിച്ചിരുന്നു. കാവല്ലൂർ സ്വദേശിനി ദാസിനി (60) ആണ് മരിച്ചത്.
44ഓളം പേർക്ക് പരുക്കേറ്റിരുന്നു. 49 പേർ ബസിൽ ഉണ്ടായിരുന്നതായാണ് വിവരം. നിസാര പരുക്കേറ്റവരെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും സാരമായി പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളെജിലും പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു ലോറിയെ മറികടക്കുന്നതിനിടെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്നാണ് വിവരം.