പാലക്കാട്: നെന്മറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. ചെന്താമരക്കെതിരായ കൊലക്കുറ്റം തെളിഞ്ഞതായി കോടതി വ്യക്തമാക്കി. കേസിലെ ശിക്ഷാ വിധി ബുധനാഴ്ച പ്രഖ്യാപിക്കും
ചെന്താമരയെ തൂക്കിക്കൊല്ലണമെന്നാണ് കൊല്ലപ്പെട്ട സുധാകരന്‍റെ മക്കളുടെ ആവശ്യം. കുട്ടികൾക്ക് സർക്കാർ ജോലി നൽകണമെന്ന് ബന്ധുക്കളു ആവശ്യപ്പെട്ടു. മൂന്നുപേരെയാണ് ചെന്താമര കൊലപ്പെടുത്തിയത്. ഭാര്യ പിണങ്ങിപ്പോയതിലെ ദേഷ്യമാണ് അയൽകാരെ കൊല്ലാൻ കാരണമെന്നാണ് പൊലീസ് റിപ്പോർട്ട്. ഇയാൾ മാനസിക വൈകല്യമുള്ള ആളാണെന്നും പൊലീസ് പറയുന്നു.
2019 ഓഗസ്റ്റ് 31നാണ് പോത്തുണ്ടി തിരുത്തമ്പാടം ബോയൻസ് കോളനിയിലെ 35 വയസുള്ള സജിതയെ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. സജിതയുടെ മക്കളും ഭർത്താവും വീട്ടിലില്ലാത്ത സമയത്താണ് കൊലപാതകം നടന്നത്. പാചകം ചെയ്തു കൊണ്ടിരുന്ന സജിതയെ ചെന്താമര കൊടുവാളു കൊണ്ട് പല തവണ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
ഈ കേസിൽ 5 വർഷത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ പ്രതി 2025 ജനുവരി 27ന് കൊല്ലപ്പെട്ട സജിതയുടെ ഭർത്താവ് സുധാകരൻ (55), അമ്മ ലക്ഷ്മി(75) എന്നിവരെയും വെട്ടിക്കൊലപ്പെടുത്തിയിരുന്നു. ചെന്താമരയുടെ ഭാര്യയും മകളും വീട്ടിൽ നിന്നിറങ്ങിപ്പോയത് സജിതയുടെ ദുർമന്ത്രവാദം മൂലമാണെന്ന സംശയമാണ് കൊലയിലേക്ക് നയിച്ചത്.