നെയ്ച്ചോറും ചിക്കൻ കറിയും മുതൽ അടപ്രഥമൻ വരെ; വന്ദേഭാരത് ട്രെയ്നിൽ പുതിയ മൂന്നു മെനു

 
Kerala

നെയ്ച്ചോറും ചിക്കൻ കറിയും മുതൽ അടപ്രഥമൻ വരെ; വന്ദേഭാരത് ട്രെയ്നിൽ പുതിയ മൂന്നു മെനു

വൈകുന്നേരത്തെ ലഘുഭക്ഷണത്തിൽ ഇലയട, പരിപ്പുവട, കൊഴുക്കട്ട, ചീര വട തുടങ്ങിയ നാടൻ വിഭവങ്ങൾക്കാണ് മുൻഗണന.

നീതു ചന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയ്‌നുകളിലെ ഭക്ഷണ മെനു പരിഷ്കരിച്ചു. തിരുവനന്തപുരം- കോട്ടയം- കാസർഗോഡ് , തിരുവനന്തപുരം- ആലപ്പുഴ- മംഗളൂരു റൂട്ടുകളിൽ സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയ്‌നുകളിലെ മെനുവാണ് പരിഷ്കരിച്ചത്. മൂന്നു തരത്തിലുള്ള മെനുവാണു വിവിധ ദിവസങ്ങളിൽ യാത്രക്കാർക്കു ലഭിക്കുക. കഴിഞ്ഞ രണ്ടാഴ്ചയായി നടത്തിയ ഭക്ഷണ പരീക്ഷണങ്ങളിൽ (മീൽ ട്രയൽ) യാത്രക്കാരിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് അധികൃതർ പറയുന്നു.

യാത്രക്കാരുടെ താല്പര്യം കണക്കിലെടുത്ത് നെയ്ച്ചോറും ചിക്കൻ കറിയും മുതൽ അട പ്രഥമൻ വരെയുള്ള വിഭവങ്ങളാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. കാസിനോ എയർ കേറ്ററേഴ്സ് ആൻഡ് ഫ്ലൈറ്റ് സർവീസസ് തയാറാക്കിയ പുതിയ മെനുവിൽ ഉച്ചഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനുമായി 3 വ്യത്യസ്ത ഓപ്ഷനുകളാണുള്ളത്. ഉച്ച ഭക്ഷണത്തിനും രാത്രി ഭക്ഷണത്തിനുമുള്ള മെനുവിൽ നെയ്ച്ചോർ, ഗോതമ്പ് പൊറോട്ട, പരിപ്പുകറി, തോരൻ എന്നിവയ്ക്കൊപ്പം നോൺ വെജിറ്റേറിയൻകാർക്ക് വറുത്തരച്ച ചിക്കൻ കറിയും വെജിറ്റേറിയൻകാർക്ക് ഫ്രൂട്ട് ട്രൈഫിളും ലഭിക്കും. രണ്ടാമത്തെ ഓപ്ഷനിൽ മട്ടയരി ചോറ്, ചപ്പാത്തി, തീയൽ, വറുത്തരച്ച വെജ് കറി, അട പ്രഥമൻ എന്നിവയാണുള്ളത്.

ഇതിൽ നോൺ വെജ് യാത്രക്കാർക്ക് ചോറിനൊപ്പം മലബാർ ചിക്കൻ കറിയും എക്സിക്യൂട്ടീവ് ക്ലാസിൽ മീൻ കറിയും ലഭ്യമാകും. മൂന്നാമത്തെ ഓപ്ഷനായി വെജ് ബിരിയാണി അല്ലെങ്കിൽ ചിക്കൻ ബിരിയാണിക്കൊപ്പം മലബാർ പൊറോട്ട, ഗ്രീൻപീസ് കറി, പൊട്ടറ്റോ മസാല, സേമിയ പായസം എന്നിവയും ലഭിക്കും.

പ്രഭാതഭക്ഷണത്തിലും മാറ്റമുണ്ട്. ഇഡ്ഡലി, വട, സാമ്പാർ, കടലക്കറി, ഉണ്ണിയപ്പം, ഇടിയപ്പം, മിക്സഡ് വെജ് ഉപ്പുമാവ്, വട്ടയപ്പം തുടങ്ങിയ വെജിറ്റേറിയൻ വിഭവങ്ങൾ വിവിധ ദിവസങ്ങളിൽ മാറിമാറി വരും. നോൺ വെജ് യാത്രക്കാർക്കായി മുട്ട ചിക്കിയത്, ബ്രഡ് റോൾ, മുട്ട റോസ്റ്റ്, ടീ കേക്ക്, മസാല ബൺ, വെജ് കട്ട്‌ലെറ്റ് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. വൈകുന്നേരത്തെ ലഘുഭക്ഷണത്തിൽ ഇലയട, പരിപ്പുവട, കൊഴുക്കട്ട, ചീര വട തുടങ്ങിയ നാടൻ വിഭവങ്ങൾക്കാണ് മുൻഗണന.

കേരളീയ തനിമയുള്ള വിഭവങ്ങൾ ഉൾപ്പെടുത്തിയതിലൂടെ യാത്രക്കാർക്ക് വന്ദേഭാരത് യാത്ര കൂടുതൽ ആസ്വാദ്യകരമാക്കുമെന്നാണ് റെയ്‌ൽവേയുടെ പ്രതീക്ഷ.

സ്ത്രീകൾക്ക് സൗജന്യയാത്ര: ഓഗസ്റ്റ് 15ലേക്ക് മാറ്റുമെന്ന് സൂചന

മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

പി.ബി.നൂഹ് ജിഎസ്ടി കമ്മിഷണർ; ഐഎഎസ് തലപ്പത്ത് അഴിച്ചുപണി

കേരള കലാമണ്ഡലം അധ്യാപകൻ വീടിനുള്ളിൽ മരിച്ച നിലയിൽ

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമെരിക്കൻ പ്രസിഡന്‍റിന്‍റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ