kc joseph 
Kerala

നിയമസഭ കയ്യാങ്കളി കേസിൽ കോൺഗ്രസ് എംഎൽഎമാരെ ബോധപൂർവം പ്രതിചേർക്കാനാണ് പിണറായി സർക്കാറിന്‍റെ ശ്രമം; കെ.സി ജോസഫ്

സഭയിലുണ്ടായ എല്ലാ അക്രമങ്ങളും കൈയ്യേറ്റവും ഗുണ്ടായിസവുമെല്ലാം ലോകം മുഴുവൻ ദൃശ്യമാധ്യമങ്ങളിലൂടെ ലൈവായി കണ്ടതാണ്

കോട്ടയം: നിയമസഭ കയ്യാങ്കളി കേസിന്റെ തുടരന്വേഷണ റിപ്പോർട്ടിൽ കോൺഗ്രസ് എംഎൽഎ മാരായിരുന്ന കെ. ശിവദാസൻ നായർ, എം.എ വാഹിദ് എന്നിവരെ കേസിൽ പ്രതിയാക്കാനുള്ള നീക്കം ബോധപൂർവം കേസ് വഴിതിരിച്ചുവിട്ട് നീട്ടിക്കൊണ്ടുപോകാനുള്ള പിണറായി സർക്കാറിന്റെ നീക്കത്തിന്റെ ഭാഗമാണെന്ന് മുൻ മന്ത്രി കെ.സി ജോസഫ്. വാദിയെ പ്രതിയാക്കുന്ന നിലപാടാണിത്. കേസിൽ പ്രതികളായ ഭരണകക്ഷി എംഎൽഎ മാരേയും ഇപ്പോഴത്തെ ചില മന്ത്രിമാരേയും രക്ഷപ്പെടുത്താനും മന്ത്രിമാർ രാജിവെക്കാനിടയുള്ള സാഹചര്യം ഒഴിവാക്കാനും വേണ്ടി മനപ്പൂർവം കേസ് നീട്ടിക്കൊണ്ടുപോകാനുള്ള തന്ത്രമാണിതെന്നും അദ്ദേഹം ആരോപിച്ചു.

2015 മാർച്ച് 13 വെള്ളിയാഴ്ച നിയമസഭയിൽ ധനമന്ത്രി കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്ന ദിവസമാണ് ഈ സംഭവങ്ങളെല്ലാം സഭയിൽ അരങ്ങേറിയത്. സഭയിലുണ്ടായ എല്ലാ അക്രമങ്ങളും കൈയ്യേറ്റവും ഗുണ്ടായിസവുമെല്ലാം ലോകം മുഴുവൻ ദൃശ്യമാധ്യമങ്ങളിലൂടെ ലൈവായി കണ്ടതാണ്. ഏത് അന്വേഷണം നടത്തിയാലും സത്യം മൂടിവയ്ക്കാൻ ആർക്കും സാധിക്കുകയുമില്ല .

നിയമസഭയിൽ ബജറ്റ് അവതരണ വേളയിലാണ് ശിവദാസൻ നായരും എം.എ വാഹിദും വനിത എംഎൽഎമാരെ കയ്യേറ്റം ചെയ്തതായി ഇപ്പോൾ കുറ്റപത്രത്തിൽ പറയുന്ന സംഭവം ഉണ്ടായതായി ചൂണ്ടിക്കാണിക്കുന്നത്. വനിത എംഎൽഎമാർ എന്തുകൊണ്ടാണ് സഭ നടന്നുകൊണ്ടിരിക്കുമ്പോൾ അവർ ഇരിക്കേണ്ട പ്രതിപക്ഷ ബെഞ്ചിൽ നിന്ന് നിന്ന് ഭരണപക്ഷ ബെഞ്ചിൽ മുഖ്യമന്ത്രിയുടെ സമീപത്തേക്ക് അതിക്രമിച്ച് വന്നതെന്നത് ക്രൈം ബ്രാഞ്ച് തന്നെ അന്വേഷിച്ച് ഉത്തരം പറയേണ്ട ഒരു കാര്യമാണെന്നും കെ.സി ജോസഫ് പറഞ്ഞു.

സഭാ നടപടി ചട്ടങ്ങൾ അനുസരിച്ച് എംഎൽഎമാർ അവരുടെ സീറ്റ് വിട്ട് സംഘടിതമായി മറുഭാഗത്തേക്ക് പോകുന്നത് നിയമപരമായി ന്യായീകരിക്കാൻ സാധിക്കുന്ന കാര്യമല്ല. സംഭവം നടക്കുന്നതെല്ലാം ട്രഷറി ബെഞ്ചിലാണ്. നിയമസഭാ സ്പീക്കറെ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും സ്പീക്കറുടെ വേദിയിൽ ഉണ്ടായിരുന്ന കമ്പ്യൂട്ടറുൾപ്പെടെയുള്ള വസ്തുക്കൾ നശിപ്പിക്കുന്നതും സ്പീക്കറുടെ കസേര മറിച്ചിടുന്നതും മുഖ്യമന്ത്രിയെ പോലും കൈയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതുമെല്ലാം ഇപ്പോഴും സാമൂഹിക മാധ്യമങ്ങളിൽ കാണുവാൻ കഴിയുന്ന കാഴ്ചയാണ്. മുഖ്യമന്ത്രിയുടെ സീറ്റിന് അടുത്തേക്ക് വനിതാ എംഎൽഎമാർ അതിക്രമിച്ച് കടന്നുവന്ന് അദ്ദേഹത്തെ അപമാനിക്കാനോ കയ്യേറ്റം ചെയ്യാനോ ശ്രമിക്കുന്ന അവസരത്തിലാണ് ശിവദാസൻ നായരും വാഹിദും അടക്കമുള്ള ഭരണകക്ഷി എംഎൽഎമാർ അവരെ തടയാൻ ശ്രമിച്ചത്. വനിത എം എൽ എ മാരെ കയ്യേറ്റം ചെയ്യാൻ ഇവർ ശ്രമിക്കുകയായിരുന്നില്ല, മറിച്ച് മുഖ്യമന്ത്രിയെ വനിതാ എംഎൽഎമാരുടെ അക്രമത്തിൽ നിന്ന് സംരക്ഷിക്കാനുള്ള ശ്രമം മാത്രമാണ് ശിവദാസ് നായരും വാഹിദും നടത്തിയത്.

ഇതെല്ലാം ആ സംഭവങ്ങളുടെ ലൈവ് വീഡിയോ കണ്ടാൽ എല്ലാവർക്കും ബോധ്യപ്പെടുന്ന കാര്യമാണ്. സഭാ കയ്യാങ്കളി കേസിൽ ഇന്ന് സർക്കാരിലെ ചില മന്ത്രിമാർ അടക്കമുള്ള ഭരണകക്ഷി എംഎൽഎമാർ കുറ്റക്കാർ ആയി മാറും എന്ന സാഹചര്യം ഉണ്ടായപ്പോഴാണ് വീണ്ടും പുനരന്വേഷണം നടത്തി കേസ് നീട്ടി കൊണ്ടുപോകുവാൻ ശ്രമിക്കുന്നത്. അതിന്റെ ഭാഗമാണ് ഇപ്പോൾ പുതിയ പ്രതികളെ ചേർത്തുകൊണ്ട് കേസ് വഴിതിരിച്ചുവിടാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഇത് ബോധപൂർവമായി കുറ്റവാളികളെ സംരക്ഷിക്കാനുള്ള മാർക്സിസ്റ്റ് പാർട്ടിയും മുഖ്യ മന്ത്രിയും തയാറാക്കിയ തിരക്കഥയുടെ ഭാഗമാണ്. സഭയുടെ അന്തസ് സംരക്ഷിക്കുവാനും അക്രമം ഒഴിവാക്കുവാനും വേണ്ട നിലപാട് സ്വീകരിച്ച കെ. ശിവദാസൻ നായരും എം.എ വാഹിദും അടക്കമുള്ള എംഎൽഎ മാരെ പ്രതിയാക്കാൻ എന്ത് ശ്രമങ്ങൾ ഉണ്ടായാലും അത് നിയമപരമായി നേരിടുക തന്നെ ചെയ്യും. ഇത് സോളാർ കേസ് പോലെ പിണറായി സർക്കാറിന് വിനയായി മാറുമെന്നും കെ.സി ജോസഫ് മുന്നറിയിപ്പ് നൽകി

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി