കൊച്ചി: ഇൻഷുറൻസ് തുക ലഭിക്കാനായി 24 മണിക്കൂർ ആശുപത്രി വാസം വേണമെന്നത് ഉപഭോക്തൃ അവകാശ ലംഘനമാണെന്ന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ. ആധുനിക ചികിത്സ സംവിധാനങ്ങളുള്ളപ്പോൾ ഇൻഷുറസിനായി 24 ണിക്കൂർ ആശുപത്രി വാസമെന്നത് ഉപഭോക്തൃ അവകാശങ്ങളുടെ ലംഘനമാണെന്നും കമ്മിഷൻ വ്യക്തമാക്കി.
കിടത്തി ചികിത്സ ആവശ്യമുള്ളതും എന്നാൽ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുറഞ്ഞ സമയത്തിൽ ചികിത്സ അവസാനിക്കുകയും ചെയ്താൽ ഇൻഷുറൻസ് പരിരക്ഷയ്ക്ക് അർഹതയുണ്ടാകുമെന്ന് എറണാകുളം ജില്ലാ ഉപഭോക്ത തർക്ക പരിഹാര കമ്മീക്ഷൻ ഉത്തരവിട്ടു.
എറണാകുളം സ്വദേശി ജോൺ മിൽട്ടണാണ് പരാതിയുമായി ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനെ സമീപിച്ചത്. മിൽട്ടന്‍റെ അമ്മയുടെ ഇടത് കണ്ണിന്‍റെ ശസ്ത്രക്രിയ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്താൽ ചെയ്യുകയും അന്നേദിവസം തന്നെ ഡിസ്ചാർജ് ചെയ്യുകയും ഉണ്ടായി. തുടർന്ന് ചികിത്സയ്ക്ക് ചിലവായ തുകക്കായി ഇൻഷുറൻസ് കമ്പനിയെ സമീപിച്ചെങ്കിലും 24 മണിക്കൂർ ആശുപത്രി വാസമില്ലാത്തതിനാൽ അപേക്ഷ നിരസിക്കുകയായിരുന്നു. ഇതേ തുടർന്നാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്. ക്ലെയിം നിരസിക്കപ്പെട്ട ഉപഭോക്താവിന് നഷ്ടപരിഹാരമായി 57,720 രൂപ ഒരു മാസത്തിനകം നൽകണമെന്നും ഇൻഷുറൻസ് കമ്പനിയോട് കമ്മീഷൻ ഉത്തരവിട്ടു.