തൃശൂർ ചെമ്മാപ്പള്ളി കടവിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപി 'കലുങ്ക് സൗഹാർദം- വികസന സംവാദം' പരിപാടിയിൽ സംസാരിക്കുന്നു. സംവിധായകൻ സത്യൻ അന്തിക്കാട്, ദേവൻ എന്നിവർ സമീപം.
തൃശൂർ: മുൻ എംപിമാരേക്കാൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചാലേ ഇനി മത്സരിക്കാനുള്ളൂ എന്ന് തൃശൂരിന്‍റെ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. തൃശൂരിനെ ഒരു സാംസ്‌കാരിക നഗരമായി ലോകം കാണുന്നുണ്ടെങ്കിൽ, അതു വലിയൊരു ഉത്തരവാദിത്തമാണ്. മുൻപ് ഇതിന് ശ്രദ്ധക്കുറവുണ്ടായി എന്നതു വീഴ്ചയായി ഞാൻ കാണുന്നില്ല, ഇനി കൂടുതൽ ശ്രദ്ധ നൽകും - അദ്ദേഹം സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു.
"കഴിഞ്ഞ വർഷം വരെ മകളുടെ പേരിലുള്ള ട്രസ്റ്റിൽ നിന്ന് 50,000 രൂപയാണ് നൽകാൻ സാധിച്ചിരുന്നത്. ഇപ്പോൾ ടൂറിസം വകുപ്പ് വഴി 3 ലക്ഷവും സൗത്ത് കൾച്ചറൽ സോണിന്‍റെ ഒരു ലക്ഷവും ഉറപ്പാക്കിയിട്ടുണ്ട്. അടുത്ത വർഷം ഈ തുക 5 ലക്ഷമായി ഉയർത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.
തൃശൂരിന്‍റെ വളർച്ചയ്ക്ക് എല്ലാ കാര്യങ്ങളും ചെയ്യും. തെരഞ്ഞെടുപ്പു പ്രചാരണ സമയത്ത് പറഞ്ഞ വാചകം ആവർത്തിക്കുകയാണ്, 15 വർഷം കൊണ്ട് മൂന്ന് എംപിമാർ ചെയ്തതിനേക്കാൾ മെച്ചപ്പെട്ട ഒരു പ്രകടനം കാഴ്ചവച്ചാലേ അടുത്ത തവണ വോട്ട് അഭ്യർഥിച്ച് വരികയുള്ളൂ. ഈ ഉറപ്പ് അടിയുറച്ചതാണ്. എനിക്കെതിരേ കളങ്കം ചാർത്തുന്നവർ അത് ചെയ്തുകൊണ്ടിരിക്കട്ടെ. എന്‍റെ ഉത്തരവാദിത്തപൂർണമായ നല്ല കാര്യങ്ങളോ നന്മയോ ആരും കരിയോയിൽ ഒഴിച്ചാൽ മറച്ചുവയ്ക്കാനാവില്ല. അത് തിളക്കത്തോടെ, ആ കരിയോയിലിന് പിന്നിലും, എന്നും തിളങ്ങിത്തന്നെ നിൽക്കും''- സുരേഷ് ഗോപി എഴുതി.
അന്യം നിന്നു പോയ സാംസ്കാരിക കൂട്ടായ്മകളെ വീണ്ടെടുക്കാനും വികസന ചർച്ചകളും സൗഹൃദങ്ങളും പടരാനും ലക്ഷ്യമിട്ട് സുരേഷ് ഗോപി കഴിഞ്ഞ ദിവസം തൃശൂരിൽ 'കലുങ്ക് സൗഹൃദ ചർച്ച' എന്ന പേരിലുള്ള ജനകീയ പരിപാടിക്കു തുടക്കമിട്ടിരുന്നു. തൃശൂര്‍ വടക്കേ പുള്ള് പാടത്തിനടുത്തുള്ള കാര്‍ത്യായനി ക്ഷേത്രത്തിന്‍റെ ആല്‍ത്തറയിലായിരുന്നു ആദ്യ പരിപാടി. സൗഹൃദം പങ്കുവയ്ക്കാനും അഭിപ്രായങ്ങൾ പറയാനും പ്രദേശവാസികള്‍ ഒത്തുകൂടി. നടനും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ ദേവനോടൊപ്പമാണ് സുരേഷ് ഗോപിയെത്തിയത്.
ചെമ്മാപ്പിള്ളി കടവില്‍ നടന്ന രണ്ടാമത്തെ സൗഹൃദ സംവാദ സദസില്‍ പ്രശസ്ത സംവിധായകന്‍ സത്യന്‍ അന്തിക്കാടും വേദി പങ്കിട്ടു. ജാതി, മത, കക്ഷിരാഷ്‌ട്രീയ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും പ്രശ്‌നങ്ങള്‍ അവതരിപ്പിക്കാന്‍ സുരേഷ് ഗോപി ഒരുക്കിയ വേദി പുതുചരിത്രം സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്‌ട്രീയ ഭേദമില്ലാതെ എല്ലാവരുടെയും എംപിയാണ് അദ്ദേഹമെന്നും സത്യന്‍ അന്തിക്കാട് ചൂണ്ടിക്കാട്ടി.
ബിജെപി സംസ്ഥാന സെക്രട്ടറി എം.വി. ഗോപകുമാര്‍, എറണാകുളം മേഖലാ പ്രസിഡന്‍റ് എ. നാഗേഷ്, മേഖലാ വൈസ് പ്രസിഡന്‍റ് ബിജോയ് തോമസ്, സിറ്റി ജില്ലാ അധ്യക്ഷന്‍ ജസ്റ്റിന്‍ ജേക്ക്, ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ.ആര്‍. ഹരി, പി.കെ. ബാബു, മണ്ഡലം പ്രസിഡന്‍റ് രഘുനാഥ് സി. മേനോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.