ന്യൂഡൽഹി: ബലാത്സംഗ പരാതിയിൽ മലപ്പുറം മുൻ എസ്പി സുജിർ ദാസ് ഉൾപ്പെടെ മൂന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് അനുകൂല ഉത്തരവ്. സുപ്രീംകോടതിയിൽ നിന്നാണ് അനുകൂല ഉത്തരവ് വന്നത്. പൊലീസ് ഉദ്യോഗസ്ഥർക്കെതിരേ ബലാത്സംഗക്കേസ് എടുക്കുന്നതിന് മുൻപ് പൊലീസ് റിപ്പോർട്ട് പരിഗണിക്കണമോയെന്ന് മജിസ്ട്രേറ്റ് കോടതിക്ക് തീരുമാനിക്കാമെന്ന് സുപ്രീംകോടതി പറഞ്ഞു. ജസ്റ്റിസുമാരായ ദിപാങ്കർ ദത്ത, മൻമോഹൻ എന്നിവരടങ്ങുന്ന സുപ്രീംകോടതി ബെഞ്ചാണ് ഉത്തരവിട്ടത്. മലപ്പുറം മുൻ എസ്പി സുജിത് ദാസ്, തിരൂർ മുൻ ഡിവൈഎസ്പി വി.വി. ബെന്നി, പൊന്നാനി മുൻ സിഐ വിനോദ് എന്നിവർക്കെതിരേയായിരുന്നു പൊന്നാനി സ്വദേശിയായ വീട്ടമ്മ ബലാത്സംഗ പാരതി നൽകിയത്.
സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് പരാതി നൽകാനെത്തിയ തന്നെ അന്ന് പൊന്നാനി സിഐ ആയിരുന്ന വിനോദ് ബലാത്സംഗം ചെയ്തെന്ന് ആയിരുന്നു വീട്ടമ്മയുടെ പരാതി. തിരൂർ ഡിവൈഎസ്പിയായിരുന്ന വി.വി. ബെന്നിയോട് ഈ വിഷയത്തിൽ പരാതി പറയാൻ ശ്രമിച്ചപ്പോഴും ലൈംഗികമായി ഉപദ്രവിച്ചു. ഇക്കാര്യങ്ങളിൽ പരാതിപ്പെടാൻ എത്തിയപ്പോഴാണ് എസ്പിയായിരുന്ന സുജിത് ദാസ് ബലാത്സംഗം ചെയ്തതെന്നാണ് വീട്ടമ്മ പാരതിയിൽ പറയുന്നത്.
പരാതിയിൽ പൊലീസ് റിപ്പോർട്ട് തേടാതെ ബലാത്സംഗകേസ് രജിസ്റ്റർ ചെയ്യാനായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് പൊന്നാനി മജിസ്ട്രേറ്റ് കോടതിയ്ക്ക് നൽകിയിരുന്ന നിർദേശം. എന്നാൽ കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് മേൽ ഉദ്യോഗസ്ഥരുടെ റിപ്പോർട്ട് പരിഗണിക്കണമോയെന്ന് മജിസ്ട്രേറ്റ് കോടതിക്ക് തീരുമാനിക്കാമെന്നാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരിക്കുന്നത്. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവാണ് സുപ്രീംകോടതി ശരിവെച്ചത്. യുവതിയുടെ പരാതിയിന്മേൽ ഉദ്യോഗസ്ഥരുടെ അന്വേഷണ റിപ്പോർട്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് അനുകൂലമാണ്. വിനോദിന് വേണ്ടി സീനിയർ അഭിഭാഷകൻ സിദ്ധാർത്ഥ് ദവെ, അഭിഭാഷകൻ കാർത്തിക് എന്നിവർ സുപ്രീംകോടതിയിൽ ഹാജരായി.