പാലിയേക്കര ടോൾ പിരിവ്; തിങ്കളാഴ്ച മുതൽ ആരംഭിക്കാം

 
Kerala

പാലിയേക്കര ടോൾ പിരിവ് തിങ്കളാഴ്ച പുനരാരംഭിക്കാം

ഉപാധികളോടെയാണ് ടോൾ പിരിക്കാൻ കോടതി അനുമതി നൽകിയത്.

Megha Ramesh Chandran

കൊച്ചി: പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കാൻ ഹൈക്കോടതി അനുമതി നൽകി. തിങ്കളാഴ്ച മുതൽ ടോൾ പിരിവ് ഉപാധികളോടെ ആരംഭിക്കാമെന്നാണ് കോടതിയുടെ ഉത്തരവ്. ജസ്റ്റിസുമാരായ എ. മുഹമ്മദ് മുഷ്താഖ്, ഹരിശങ്കർ വി. മേനോൻ എന്നിവരുടെ ബെഞ്ചാണ് അനുമതി നൽകിയത്.

പാലിയേക്കരയിൽ ടോൾ നിരക്ക് പരിഷ്കരിച്ചതു സംബന്ധിച്ച രേഖകൾ ഹാജരാക്കാനും കോടതി നിർദേശിച്ചു.

ദേശീയ പാതയിലെ നിർമാണ പ്രവർത്തനങ്ങൾ മൂലം ഗതാഗത പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഓഗസ്റ്റ് ആറു മുതൽ പാലിയേക്കരയിൽ ടോൾ‌ പിരിവ് ഹൈക്കോടതി തടഞ്ഞിരുന്നു. ഗതാഗതക്കുരുക്കിന് പരിഹാരം കാണാതെ ടോൾ പിരിക്കുന്നത് ശരിയല്ലെന്ന് ദേശീയപാത അഥോറിറ്റിയോട് കോടതി വ്യക്തമാക്കുകയായിരുന്നു.

ടോൾ പിരിവ് കോടതി തടഞ്ഞതിനെതിരേ കരാർ കമ്പനിയും എൻഎച്ച്എഐയും സുപ്രീം കോടതിയെ സമീപിച്ചെങ്കിലും അനുകൂല ഉത്തരവ് ഇവർക്ക് ലഭിച്ചിരുന്നില്ല. എന്നാൽ വെളളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ ടോൾ പിരിവ് പുനരാരംഭിക്കാൻ അനുവദിക്കണമെന്ന് എൻഎച്ച്എഐയും കരാർ കമ്പനിയും ആവശ്യപ്പെട്ടു. 300 പേർ ജോലി ചെയ്യുന്നുണ്ടെന്നും ഇവർക്കുളള ശമ്പളം കൊടുക്കണമെന്നും, മറ്റ് ചെലവുകൾ ഉണ്ടെന്നും ഇവർ കോടതിയെ അറിയിച്ചു.

ടോള്‍ ഇനത്തിൽ ഒരു രൂപ പോലും വരുമാനമില്ലെന്നും ഇവർ വ്യക്തമാക്കി. തുടർന്നാണ് ടോൾ പിരിവ് തിങ്കളാഴ്ച മുതൽ ആരംഭിക്കാമെന്ന് കോടതി നിർദേശിച്ചത്. നിലവിലുള്ള പ്രശ്നങ്ങൾ‌ പരിഹരിച്ചാലും കേസ് അവസാനിക്കുന്നില്ലെന്നും, അന്വേഷണം തുടരുമെന്നും കോടതി പറഞ്ഞു.

ലൈംഗിക പീഡന പരാതി; രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പൊലീസ് കേസെടുത്തു, രാഹുലിന്‍റെ സുഹൃത്തും പ്രതി പട്ടികയിൽ

'പീഡന വീരന് ആദരാഞ്ജലികൾ'; രാഹുലിന്‍റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

തൃശൂരിൽ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മി​ഷൻ

മണ്ഡലകാലം; ശബരിമലയിൽ ദർശനം നടത്തിയത് പത്ത് ലക്ഷത്തോളം ഭക്തർ

കർണാടക കോൺഗ്രസ് തർക്കം; ചേരിതിരിഞ്ഞ് സമുദായ നേതൃത്വം