തിരുവഞ്ചൂർ രാധാകൃഷ്ണൻ
കോട്ടയം: പാലോട് രവിയുടെ വിവാദ ശബ്ദരേഖ ഒറ്റപ്പെട്ട സംഭവമാണെന്ന് കെപിസിസി അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംഭവത്തിൽ നീതിപൂർവമായ അന്വേഷണം നടക്കുമെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കോട്ടയത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. കോൺഗ്രസിൽ മുൻകാലങ്ങളെക്കാൾ പ്രശ്നങ്ങൾ കുറവുള്ള കാലഘട്ടമാണെന്നും അദ്ദേഹം പറഞ്ഞു.
ഫോൺ ചോർത്തലിന് പിന്നിൽ പ്രാദേശിക തലത്തിലെ വിഭാഗീയതയാണെന്ന ആരോപണത്തിനിടെയാണ് അച്ചടക്ക സമിതി അധ്യക്ഷൻ തിരുവഞ്ചൂർ രാധാകൃഷ്ണനോട് വിവാദം അന്വേഷിക്കുവാനും വേഗത്തിൽ റിപ്പോർട്ട് സമർപ്പിക്കാനും പാർട്ടി നിർദേശം നൽകിയത്.
ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ കെപിസിസി തിടുക്കത്തിൽ പാലോട് രവിയുടെ രാജി ആവശ്യപ്പെടുകയായിരുന്നു. ഫോൺ സംഭാഷണം സുഹൃത്തിന് അയച്ചു കൊടുത്തതാണെന്നും വീഴ്‌ച ഉണ്ടായെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കിയ എ. ജലീൽ പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് വിഷയം വീണ്ടും ഗൗരവത്തിലെടുത്തിരിക്കുന്നത്.