മരിച്ച ലീല
പത്തനംതിട്ട: പത്തനംതിട്ട കൊടുമണ്ണിൽ കൂട്ട ആത്മഹത്യ ശ്രമം. ഒരു കുംടുംബത്തിലെ മൂന്നു പേരാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതിൽ സ്ത്രീ മരിച്ചു. ഭർത്താവും ഇളയ മകനും ചികിത്സയിലാണ്. രണ്ടാംകുറ്റി സ്വദേശി ലീലയാണ് മരിച്ചത്. ഭർത്താവ് നീലാംബരൻ, മകൻ ധിപിൻ എന്നിവർ കോട്ടയം മെഡിക്കൽ കോളെജിൽ ചികിത്സയിലാണ്. അമിത അളവിൽ ഗുളിക കഴിച്ചാണ് ഇവർ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് നിഗമനം. ഇവർ സ്വകാര്യ ബാങ്കിൽ നിന്നും വായ്പ എടുത്തിരുന്നതായും ഈ സ്ഥാപനത്തിലെ ജീവനക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. ഇതിന്‍റെ മനോവിഷമത്തിലാണ് ആത്മഹത്യയെന്ന് ബന്ധുക്കൾ പറയുന്നു.
ഞായറാഴ്ച വൈകിട്ട് മൂന്നുപേരും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും ധിപിൻ ഭയമാണെന്ന് പറഞ്ഞതോടെ പിന്മാറുകയായിരുന്നു. എന്നാൽ തിങ്കളാഴ്ച പുലർച്ചെ ലീലയെ മരിച്ച നിലയിൽ കണ്ടെത്തിയതോടെ നീലാംബരനും മകനും അമിത തോതിൽ ഗുളിക കഴിക്കുകയായിരുന്നു. പൊലീസ് എത്തിയപ്പോൾ സാമ്പത്തിക ബാധ്യതയുടെ കാര്യം പറഞ്ഞെങ്കിലും നീലാംബരനും കുട്ടിയും അമിത ഗുളിക കഴിച്ച വിവരം വെളിപ്പെടുത്തിയില്ല. തുടർന്ന് സംശയം തോന്നിയ പൊലീസ് നടത്തിയ പരിശോധനയിലാണ് ഇവർ ഗുളിക കഴിച്ചതായി കണ്ടെത്തിയത്. തുടർന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.