അനാഥാലയത്തിലെ പെൺകുട്ടി പ്രായപൂർത്തിയാവും മുൻപ് ഗർഭിണിയായ സംഭവം; പ്രതികളുടെ അറസ്റ്റു തടഞ്ഞ് ഹൈക്കോടതി
file image
കൊച്ചി: അനാഥാലയത്തിലെ അന്തേവാസി പ്രായപൂർത്തിയാവും മുൻപ് ഗർഭിണിയായ സംഭവത്തിൽ പ്രതിയുടെ അറസ്റ്റു താത്ക്കാലികമായി തടഞ്ഞ് ഹൈക്കോടതി. ഈ മാസം 30 വരെയാണ് അറസ്റ്റു തടഞ്ഞത്.
അനാഥാലയം നടത്തിപ്പു കാരി, അവരുടെ മകൻ, മകൾ, മകളുടെ ഭർത്താവ് എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് കോടതി തീരുമാനം. കേസ് കെട്ടിച്ചമച്ചതാണെന്നും മറ്റൊരു അനാഥാലയമാണ് ഇതിനു പിന്നിലെന്നുമാണ് മുൻകൂർ ജാമ്യ ഹർജിയിൽ പ്രതിഭാഗം വാദിക്കുന്നത്.
കേസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. കേസ് ഡയറി കോടതിയിൽ ഹാജരാക്കാൻ സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
പെൺകുട്ടി വിവാഹിതയാണ്. അനാഥാലയം നടത്തിപ്പു കാരിയുടെ മകനുമായി ഏഴു മാസം മുൻപായിരുന്നു കുട്ടിയുടെ വിവാഹം. വിവാഹ സമയത്ത് പെൺകുട്ടിക്ക് പ്രായം 18 വയസും രണ്ടാഴ്ചയും. ഏഴാം മാസത്തിൽ പെൺകുട്ടി പ്രസവിച്ചു.
നേരത്തെ പ്രസവം നടക്കുകയായിരുന്നെന്നാണ് കുടുംബം പുറത്തു പറഞ്ഞിരുന്നത്. എന്നാൽ, കുഞ്ഞിന് പൂർണ വളർച്ചയെത്തിയിരുന്നു. 10 മാസം വളർച്ചയെത്തിയ കുഞ്ഞിനെ ഏഴാം മാസത്തിൽ പ്രസവിച്ചെന്ന വാദം കള്ളമാണെന്ന് വ്യക്തമാക്കി ഡോക്‌ടർ പൊലീസിനെ സമീപിക്കുകയായിരുന്നു.
തുടർന്ന് പൊലീസ് പോക്സോ വകുപ്പു പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ഭർത്താവിനെ പ്രതിചേർക്കുകയുമായിരുന്നു. അനാഥാലയം നടത്തിപ്പുകാരിയുടെ മകനുമായി പ്രണയത്തിലായിരുന്ന പെൺകുട്ടി ഗർഭിണിയായതിനു പിന്നാലെ ഇരുവരുടെയും വിവാഹം നടത്തുകയായിരുന്നെന്നാണ് വിവരം. അങ്ങനെയെങ്കിൽ പെൺകുട്ടി ഗർഭിണിയാവുമ്പോൾ പ്രായപൂർത്തിയായിരുന്നില്ല.
സംഭവം പുറത്തു വന്നതിനു പിന്നാലെ അനാഥാലയം അടച്ചു പൂട്ടി. അവിടെയുണ്ടായിരുന്ന പെൺകുട്ടികളെയും മറ്റ് അന്തേവാസികളെയും മറ്റ് സർക്കാർ സ്ഥാപനങ്ങളിലേക്ക് മാറ്റി. ഗുരുതര സുരക്ഷാ വീഴ്ചയാണ് അനാഥാലയത്തിലുണ്ടായിരിക്കുന്നതെന്ന് വ്യക്തമാക്കി കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.