CM Pinarayi Vijayan | Amit Shah 
Kerala

കേന്ദ്രം പ്രവചിച്ചതിലധികം മഴ പെയ്തു, ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നില്ല; അമിത്ഷായെ തള്ളി മുഖ്യമന്ത്രി

കേന്ദ്രം വയനാട്ടിൽ 204 മില്ലിലിറ്റർ മഴയാണ് പ്രവചിച്ചിരുന്നത്. എന്നാൽ ദുരന്തസ്ഥലത്ത് 48 മണിക്കൂറിനിടെ പെയ്തത് 572 മില്ലിലിറ്റർ മഴയാണ്

Namitha Mohanan

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തിയ കേന്ദ്ര മന്ത്രി അമിത് ഷായെ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം പ്രവചിച്ചതിലധികം മഴ പെയ്തുവെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചത് ദുരന്തം നടന്ന ശേഷമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി.

കേന്ദ്രം വയനാട്ടിൽ 204 മില്ലിലിറ്റർ മഴയാണ് പ്രവചിച്ചിരുന്നത്. എന്നാൽ ദുരന്തസ്ഥലത്ത് 48 മണിക്കൂറിനിടെ പെയ്തത് 572 മില്ലിലിറ്റർ മഴയാണ്. 23 മുതൽ 28 വരെ ഓരോ ദിവസം കേന്ദ്ര കാലാവസ്ഥാ വകുപ്പ് കേരളത്തിന് നൽകിയ അറിയിപ്പിൽ ഒരു ദിവസം പോലും ഓറഞ്ച് അലര്‍ട്ട് ഉണ്ടായിരുന്നില്ല. 29 ന് ഉച്ചയ്ക്കാണ് ഓറഞ്ച് അലര്‍ട്ട് നൽകിയത്. 30 ന് ഉരുൾപൊട്ടൽ നടന്ന ശേഷമാണ് അതിതീവ്ര മഴയ്ക്ക് സാധ്യതയും റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചത്.

ജിയോളജിക്കൽ സർവേ ഇന്ത്യ ഉരുൾപൊട്ടൽ മുന്നറിയിപ്പ് സംവിധാനം സ്ഥാപിച്ചിരുന്നു. എന്നാൽ അന്നേ ദിനം ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യം വയനാട്ടിൽ പച്ച അലർട്ടാണ് നൽകിയിരുന്നത്. അതായത് താരതമ്യേന ചെറിയ മണ്ണിടിച്ചിലിന് സാധ്യതയെന്നാണ് പറഞ്ഞത്. എന്നാൽ അവിടെ ഉണ്ടായത് വൻ ദുരന്തമാണ്. കേന്ദ്ര ജല കമ്മിഷനാണ് സംസ്ഥാനത്ത് പ്രളയ മുന്നറിയിപ്പ് നൽകേണ്ടത്. ഈ മാസം 23 മുതൽ 28 വരെ ഇവർ ഇരുവഴിഞ്ഞി പുഴയിലേ ചാലിയാരിലോ പ്രളയ മുന്നറിയിപ്പ് ഈ ഏജൻസി നൽകിയിട്ടില്ല.

കേന്ദ്രമന്ത്രി അമിത് ഷാ പാർലമെന്‍റിൽ പറയുന്ന കാര്യത്തിൽ വസ്തുതവിരുദ്ധമാണ്. എൻഡിആർഎഫിനെ കേരളം നേരത്തെ ആവശ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്തേക്ക് അയച്ചത്. കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് അനുസരിച്ച് എല്ലാ മുൻകരുതലും കേരളം എടുക്കാറുണ്ട്. ഈ ദുരന്തങ്ങളെല്ലാം കാലാവസ്ഥാ വ്യതിയാനത്തിന്‍റെ ഭാഗമായാണ് സംഭവിക്കുന്നത്. ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമമാണ് വേണ്ടത്. അല്ലാതെ എന്തെങ്കിലും ദുരന്തം സംഭവിക്കുമ്പോൾ കുറ്റം ആരുടെയെങ്കിലും പിടലിക്ക് ഇട്ട് ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിയുക അല്ല വേണ്ടത്. ഹതാശരായ ജനങ്ങളോട് പറയേണ്ട കാര്യമല്ല ഇപ്പോൾ കേന്ദ്രമന്ത്രി പറയുന്നതെന്നും പരസ്പരം പഴി ചാരേണ്ട സമയമല്ല ഇതെന്നും രക്ഷാപ്രവര്‍ത്തനത്തിലാണ് ശ്രദ്ധിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിസി നിയമനത്തിൽ സർക്കാർ-ഗവർണർ സമവായം; സിസ തോമസ് കെടിയു വൈസ് ചാൻസ‌ലറാകും

'ടോപ് ഗിയറിൽ' കെഎസ്ആർടിസി; ടിക്കറ്റ് വരുമാനത്തിൽ സര്‍വകാല റെക്കോഡ്

മൂന്നു തദ്ദേശ വാർഡുകളിലെ വോട്ടെടുപ്പ് ജനുവരി 13ന്

"സപ്തസഹോദരിമാരെ വിഘടിപ്പിക്കും"; ഭീഷണിയുമായി ബംഗ്ലാദേശ് നേതാവ്, മറുപടി നൽകി അസം മുഖ്യമന്ത്രി

തെരഞ്ഞെടുപ്പിൽ തോറ്റതിനു പിന്നാലെ ആത്മഹത്യാ ശ്രമം; യുഡിഎഫ് സ്ഥാനാർഥി മരിച്ചു