പുതുചരിത്രം കുറിച്ച് വൈക്കം; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ച് സ്റ്റാലിനും പിണറായിയും Metro Vaartha
Kerala

പുതുചരിത്രം കുറിച്ച് വൈക്കം; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ച് സ്റ്റാലിനും പിണറായിയും

ഇന്ത്യയിലെ തന്നെ മികച്ച കാര്യശേഷിയുള്ള മുഖ്യമന്ത്രിയാണ് പിണറായിയെന്നു സ്റ്റാലിൻ

Kochi Bureau

എം.ആര്‍.സി. പണിക്കര്‍

വൈക്കം: ദ്രാവിഡ കഴകം നേതാവ് തന്തൈ പെരിയാറിന്‍റെ നവീകരിച്ച സ്മാരകവും പെരിയാര്‍ ഗ്രന്ഥശാലയും തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും മുഖ്യമന്ത്രി പിണറായി വിജയനും ചേര്‍ന്ന് വൈക്കത്ത് ഉദ്ഘാടനം ചെയ്തു. ഇ.വി. രാമസ്വാമി നായ്ക്കർ എന്ന പരിയാറിന്‍റെ സ്മാരകത്തില്‍ ഇരുനേതാക്കളും പുഷ്പാര്‍ച്ച നടത്തി. ഉദ്ഘാടനത്തിന് പിന്നാലെ ഇരുവരും നവീകരിച്ച മ്യൂസിയത്തില്‍ സന്ദര്‍ശനം നടത്തി. തുടര്‍ന്ന് ബീച്ച് മൈതാനിയില്‍ നടന്ന പൊതുസമ്മേളനം എം.കെ. സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്തു.

വിവേചനങ്ങള്‍ക്കെതിരായ പോരാട്ടം തുടരണമെന്ന് സ്റ്റാലിൻ. നിയമത്തിലൂടെ എല്ലാം മാറ്റാൻ കഴിയില്ല. വ്യക്തികളുടെ മനോഭാവത്തിൽ ആദ്യം മാറ്റം ഉണ്ടാകണം. പെരിയാർ സ്മാരകത്തിന്‍റെ നിർമാണത്തിലുടനീളം മുഖ്യമന്ത്രി പിണറായി വിജയൻ പിന്തുണച്ചു. അതിനു നന്ദി അറിയിക്കുന്നു. ഇന്ത്യയിലെ തന്നെ മികച്ച കാര്യശേഷിയുള്ള മുഖ്യമന്ത്രിയാണ് പിണറായിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര അവഗണനയ്ക്കെതിരെ സംസ്ഥാനങ്ങൾ ഒരുമിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അവകാശങ്ങൾക്ക് മേൽ നിരന്തര കൈകടത്തലുകള്‍ക്കെതിരെ ഒന്നിച്ചു നില്‍ക്കണം. സഹകരണാത്മക ഫെഡറലിസത്തിന്‍റെ ഉദാഹരണമായി തമിഴ്നാടും കേരളവും മുന്നോട്ട് പോകുന്നു. ഇത് കൂടുതൽ ശക്തിപ്പെടുത്താൻ കഴിയും. വൈക്കം സത്യഗ്രഹത്തിൽ നിർണായക പങ്ക് വഹിച്ചയാളാണ് തന്തൈ പെരിയാർ. ടി.കെ. മാധവനും കെ.പി. കേശവമേനോനും ബാരിസ്റ്റർ ജോർജ് ജോസഫും അടക്കമുള്ള മുൻനിര നേതാക്കൾ അറസ്റ്റിലായപ്പോൾ തന്തൈ പെരിയാറായിരുന്നു വൈക്കം സത്യഗ്രഹത്തിന് നേതൃത്വം നൽകിയത്- പിണറായി പറഞ്ഞു.

സ്മാരകത്തിൽ നിന്നും പൊതുസമ്മേളന വേദിയിലേക്കുള്ള യാത്രയ്ക്കിടെ എം.കെ. സ്റ്റാലിൻ റോഡിലിറങ്ങി ജനങ്ങളെ അഭിവാദ്യം ചെയ്തു. 200 മീറ്ററോളം സ്റ്റാലിൻ റോഡിലൂടെ നടന്നു.

ചടങ്ങില്‍ വൈക്കം പുരസ്‌കാര ജേതാവ് കന്നട എഴുത്തുകാരന്‍ ദേവനൂര മഹാദേവനെ സ്റ്റാലിന്‍ ആദരിച്ചു. ദ്രാവിഡ കഴക അധ്യക്ഷന്‍ കെ. വീരമണി വിശിഷ്ടാഥിതിയായി. സഹകരണ- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍, ഫിഷറീസ്- സാംസ്‌കാരിക -യുവജനക്ഷേമ മന്ത്രി സജി ചെറിയാന്‍, തമിഴ്നാട് ജലസേചന വകുപ്പ് മന്ത്രി ദുരൈ മുരുകന്‍, തമിഴ്നാട് പൊതുമരാമത്തു വകുപ്പുമന്ത്രി എ.വി. വേലു, തമിഴ്നാട് ഇന്‍ഫര്‍മേഷന്‍ വകുപ്പുമന്ത്രി എം.പി. സ്വാമിനാഥന്‍, അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, സി.കെ. ആശ എംഎല്‍എ, സംസ്ഥാന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, തമിഴ്നാട് ചീഫ് സെക്രട്ടറി എന്‍. മുരുകാനന്ദം, ജില്ലാ കലക്റ്റര്‍ ജോണ്‍ വി. സാമുവല്‍, വൈക്കം നഗരസഭാ അധ്യക്ഷ പ്രീത രാജേഷ്, നഗരസഭാംഗം രാജശേഖരന്‍ എന്നിവര്‍ പ്രസംഗിച്ചു.

വൈക്കം സത്യഗ്രഹ സമര നായകനായ തന്തൈ പെരിയാറിന്‍റെ സ്മരണാര്‍ഥം വൈക്കത്ത് തന്തൈ പെരിയാര്‍ സ്മാരകവും ഗ്രന്ഥശാലയും തമിഴ്‌നാട് സര്‍ക്കാര്‍ നേരത്തേ സ്ഥാപിച്ചിരുന്നു. വൈക്കം സത്യഗ്രഹത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കഴിഞ്ഞ വര്‍ഷം വൈക്കത്ത് എത്തിയ സ്റ്റാലിന്‍ പെരിയാര്‍ സ്മാരകവും ഗ്രന്ഥശാലയും നവീകരിക്കുന്നതിന് അന്ന് 8.14 കോടി രൂപ അനുവദിച്ചു.

''രണ്ടു വർഷത്തിന് ശേഷം എസ്എസ്കെ ഫണ്ട് ലഭിച്ചു''; ശേഷിക്കുന്ന പണം ഉടനെ ലഭിക്കുമെന്ന് വിദ‍്യാഭ‍്യാസ മന്ത്രി

യുപിയിൽ പാളം മുറിച്ചു കടക്കുന്നതിനിടെ തീർഥാടകർ ട്രെയിൻ തട്ടി മരിച്ചു

"ഞങ്ങൾ സഹായിക്കാം''; ഡൽഹി വായൂ മലനീകരണത്തിൽ സഹായ വാഗ്ദാനവുമായി ചൈന

ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാറിനെ എസ്ഐടി ചോദ‍്യം ചെയ്തു

ന‍്യൂയോർക്കിലെ ആദ‍്യ മുസ്‌ലിം മേയറായി ഇന്ത‍്യൻ വംശജൻ