എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമായില്ല; പ്ലസ് വൺ പ്രവേശനത്തിന് മറ്റ് രേഖകൾ പരിഗണിക്കാൻ സർക്കാർ നിർദേശം
തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനം ആശയക്കുഴപ്പത്തിൽ. ഡിജി ലോക്കറിൽ നിന്നും എസ്എസ്എൽസി സർട്ടിഫിക്കറ്റ് ലഭ്യമാകാത്തതാണ് പ്ലസ് വൺ പ്രവേശനത്തെ ബാധിച്ചിരിക്കുന്നത്. ഇതോടെ ജാതി, താമസ സ്ഥലം എന്നിവ തെളിയിക്കാനായി മറ്റ് രേഖകൾ പരിഗണിക്കാനാണ് സർക്കാർ നിർദേശം.
സ്ഥിര താമസം തെളിയിക്കാനായി റേഷൻ കാർഡ് പരിഗണിക്കും. സീറ്റ് സംവരണ സീറ്റിൽ പ്രവേശനം കിട്ടിയവർ ജാതി തെളിയിക്കാനായി ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് രേഖയായി നൽകണം. എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റ് ലഭ്യമാകാത്ത സാഹചര്യം പരിഗണിച്ചാണ് നിര്‍ദേശം.
ഇത്തവണ ഡിജിലോക്കറില്‍ മാര്‍ക്ക് വിവരങ്ങള്‍ മാത്രമാണ് ലഭ്യമാക്കിയിരുന്നത്. കഴിഞ്ഞ വര്‍ഷം വിദ്യാര്‍ത്ഥിയുടെ സമ്പൂര്‍ണ വിവരങ്ങളടങ്ങിയ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റിന്‍റെ ഡിജിറ്റല്‍ കോപ്പി ലഭ്യമാക്കിയിരുന്നു. സേ പരീക്ഷയ്ക്ക് ശേഷം ഡിജിലോക്കറില്‍ മതിയായ രേഖകള്‍ അപ്ലോഡ് ചെയ്യുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻ കുട്ടി അറിയിച്ചു.