പി.കെ. ബുജൈർ
കോഴിക്കോട്: ലഹരി ഇടപാട് നടത്തിയ സംഭവത്തിൽ പി.കെ. ഫിറോസിന്‍റെ സഹോദരൻ പി.കെ. ബുജൈറിനെതിരേ കൂടുതൽ തെളിവുകൾ ലഭിച്ചതായി പൊലീസ്. ബുജൈറിന് ലഹരി ഇടപാടിൽ പങ്കുണ്ടെന്ന് മറ്റൊരു പ്രതിയുടെ കുറ്റസമ്മത മൊഴി ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. ലഹരി ഇടപാട് നടത്തുന്നുവെന്ന രഹസ്യ വിവരത്തെ തുടർന്ന് ശനിയാഴ്ച വാഹന പരിശോധനയ്ക്കിടെ ബുജൈർ പൊലീസിനെ ആക്രമിച്ചിരുന്നു. തുടർന്ന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബുജൈറിൽ നിന്ന് ലഹരി മരുന്ന് ഉപയോഗിക്കാനുളള ഉപകരണങ്ങൾ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ലഹരി ഇടപാടിൽ പ്രതിയായ റിയാസിന്‍റെ ഫോണിൽ പി.കെ. ബുജൈറിനെതിരേ തെളിവുണ്ട്.
റിയാസും ബുജൈറും ലഹരി ഇടപാട് നടത്തിയെന്നും പൊലീസ് പറഞ്ഞു. ഇരുവരും തമ്മിൽ ലഹരി ഇടപാട് നടത്തിയതിന്‍റെ വാട്സ് ആപ്പ് ചാറ്റുകള്‍ പൊലീസ് കണ്ടെടുത്തു. അറസ്റ്റിലായ പി.കെ. ബുജൈറിനെതിരേ ബിഎൻഎസ് 132, 121 വകുപ്പുകൾ പ്രകാരം കേസെടുത്തു.
കുന്ദമംഗലം പൊലീസിന് നേരെയാണ് യുവാവ് ആക്രമണം നടത്തിയത്. എന്നാൽ വാഹന പരിശോധനയിലും ദേഹ പരിശോധനയിലും ലഹരി കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല.