കേരളത്തില്‍ സംഘപരിവാറിനു കിട്ടിയ ഒത്ത കൂട്ടാളിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍: കെ.സി. വേണുഗോപാൽ
MV Graphics
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാര്‍ത്താസമ്മേളനത്തിലെ പരാമർശങ്ങൾക്ക് മറുപടിയുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി. യുദ്ധത്തില്‍ പരാജയപ്പെട്ട ക്യാപ്റ്റന്‍റെ വിലാപകാവ്യമാണ് മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനമെന്ന് വേണുഗോപാല്‍ പരിഹസിച്ചു. ഭൂരിപക്ഷ വര്‍ഗീയതയെ എങ്ങനെ താലോലിക്കാമെന്നതിലാണ് മുഖ്യമന്ത്രി ഇപ്പോള്‍ ഗവേഷണം നടത്തുന്നത്. കേരളത്തില്‍ സംഘപരിവാറിനു കിട്ടിയ ഒത്ത കൂട്ടാളിയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. അവര്‍ പറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ പോലും പറയുന്ന സ്‌പോക്‌സ്പേഴ്‌സാണായി മുഖ്യമന്ത്രി മാറി. സമാധാനം ആഗ്രഹിക്കുന്ന കേരള ജനത, തോറ്റ പടനായകന്‍റെ രക്ഷപെടാനുള്ള ഇത്തരം തന്ത്രങ്ങളെ വിശ്വസിക്കില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനം എല്‍ഡിഎഫിനു കടുത്ത ശിക്ഷ നല്‍കി. അതില്‍ തകര്‍ന്ന മനസുമായി നില്‍ക്കുന്ന മുഖ്യമന്ത്രി തന്‍റെ സ്ഥാനവും പദവിയും നോക്കാതെ നടത്തിയ ഏറ്റവും അപകടകരമായ പ്രസ്താവനയാണ് ഇപ്പോൾ കേട്ടത്. സത്യത്തിന്‍റെ അംശംപോലുമില്ലാത്ത അവസരവാദ പ്രസ്താവനയാണ് കോണ്‍ഗ്രസിനെതിരേ മുഖ്യമന്ത്രി നടത്തിയതെന്നും വേണുഗോപാല്‍ പറഞ്ഞു.
എ.കെ. ബാലനെക്കൊണ്ട് വര്‍ഗീയത പറയിച്ചത് ആരാണെന്ന് മുഖ്യമന്ത്രിയുടെ ന്യായീകരണത്തിലൂടെ വ്യക്തമായി. മുഖ്യമന്ത്രി ചരിത്രത്തെ വികലമാക്കുകയാണ്. എല്‍ഡിഎഫിനൊപ്പം നിന്നാല്‍ ജമാഅത്ത ഇസ്ലാമി പുരോഗമന പ്രസ്ഥാനം. മറിച്ചാണെങ്കില്‍ വര്‍ഗീയപാര്‍ട്ടി. ഇതാണ് സിപിഎം ലൈനെന്നും വേണുഗോപാൽ.
ഓര്‍മശക്തിയില്ലാത്തവരല്ല കേരളജനതയെന്നു പറഞ്ഞ വേണുഗോപാല്‍, ജമാഅത്ത ഇസ്ലാമിയോടുള്ള സിപിഎമ്മിന്‍റെ മുന്‍കാല നിലപാടുകള്‍ ഓരോന്നും ചൂണ്ടിക്കാട്ടി. ജമാഅത്ത ഇസ്ലാമിക്ക് നന്ദി രേഖപ്പെടുത്തി 1996 ലെ ദേശാഭിമാനി പത്രത്തില്‍ ലേഖനം എഴുതിയിട്ടുണ്ട്. നിയമസഭയില്‍ ജമാഅത്ത ഇസ്ലാമിക്ക് നന്ദി പറഞ്ഞ് കൊണ്ടുള്ള കൊടിയേരി ബാലകൃഷ്ണന്‍റെ പ്രസംഗമുണ്ട്. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തെ പിന്തുണച്ചതിനെ പിണറായി വിജയന്‍ അഭിനന്ദിച്ചിട്ടുണ്ട്. മറാട് കലാപസമയത്ത് ജമാഅത്ത ഇസ്ലാമി ഇടതുപക്ഷത്തോടൊപ്പമായിരുന്നു. അങ്ങാടിപ്പുറം ക്ഷേത്രം കത്തിയപ്പോള്‍ അവിടെ തീയണയ്ക്കാനെത്തിയ പണക്കാട് തങ്ങള്‍ നേതൃത്വം നല്‍കുന്ന മുസ്ലീം ലീഗിനെയാണ് അന്ന് ആക്രമിച്ചത്. വര്‍ഗീയ വിദ്വേഷ പ്രസംഗം ആര് നടത്തിയാലും കേരളജനത അംഗീകരിക്കില്ലെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെ പിആര്‍ പരിഹാസത്തിനും വേണുഗോപാല്‍ മറുപടി നല്‍കി. പിആര്‍ ഏജന്‍സി പറഞ്ഞത് അനുസരിച്ചല്ലേ മുഖ്യമന്ത്രി ഡല്‍ഹിയില്‍ ചെന്ന് മലപ്പുറത്തെയും അവിടത്തെ ജനതയെയും അപമാനിച്ചത്. സാമുദായിക സൗഹാര്‍ദം നിലനിര്‍ത്താന്‍ ഭരണഘടനാപരമായ ഉത്തരവാദിത്വമുള്ള മുഖ്യമന്ത്രിയാണ് കലാപമുണ്ടാക്കാനുള്ള പ്രസ്താവന നടത്തുന്നത്. വര്‍ഗീയ ഭിന്നിപ്പുണ്ടാക്കിയും ജനങ്ങളുടെ മനസിലേക്ക് വിഷമം നിറച്ചുമല്ല വോട്ട് തേടേണ്ടതെന്നും വേണുഗോപാല്‍ മുഖ്യമന്ത്രിയെ ഓര്‍മപ്പെടുത്തി.
അയ്യപ്പന്‍റെ സ്വര്‍ണ്ണം മോഷ്ടിച്ചവരെ രണ്ടു കക്ഷത്തും ഇരുത്തി സംരക്ഷിച്ച ശേഷമാണ് മുഖ്യമന്ത്രി കൈക്കൂലി രഹിത കേരളത്തെക്കുറിച്ചു പറയുന്നതെന്ന് വേണുഗോപാല്‍ പരിഹസിച്ചു. അപഹാസ്യമാണിത്. കോടതിയില്‍ നല്‍കുന്ന എസ് ഐടിയുടെ റിപ്പോര്‍ട്ട് മാത്രം മതി മുഖ്യമന്ത്രിയുടെ അഴിമതി വിരുദ്ധ പ്രസംഗത്തിന് എതിരായിട്ടുള്ള സര്‍ട്ടിഫിക്കറ്റെന്നും വേണുഗോപാല്‍ പരിഹസിച്ചു.
സിപിഎമ്മിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ നാണംകെട്ട തോല്‍വിയായിരിക്കും നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാകുക. സിപിഎമ്മിനെ നാണംകെട്ട തോല്‍വിയിലേക്ക് തള്ളിവിട്ടതിന്‍റെ ക്രെഡിറ്റ് പിണറായി വിജയനായിരിക്കുമെന്നും വേണുഗോപാല്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് മതമേലധ്യക്ഷന്‍മാരെ കണ്ടതില്‍ തെറ്റില്ല. അത് വ്യക്തിപരമായ കൂടിക്കാഴ്ചയാണ്. അതിനെ തെരഞ്ഞെടുപ്പ് തന്ത്രത്തിന്‍റെ ഭാഗമായി ചിത്രീകരിക്കണ്ട. എല്ലാ സമുദായങ്ങളെയും ഒരു പോലെ ആദരിക്കുന്നതാണ് കോണ്‍ഗ്രസിന്‍റെയും യുഡിഎഫിന്‍റെയും ശൈലി. ആലപ്പുഴ നഗരസഭയിലെ സ്റ്റാൻഡിങ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ സിപിഎം വിജയിച്ചത് എസ്ഡിപി ഐയുടെ വോട്ട് വാങ്ങിയാണ്. വര്‍ഗീയ ശക്തികള്‍ക്കെതിരായ ശക്തമായ പോരാട്ടമാണ് തങ്ങളുടേതെന്നും കെ.സി. വേണുഗോപാല്‍ പറഞ്ഞു.