എൻ.കെ. പ്രേമചന്ദ്രൻ, വി. ശിവൻകുട്ടി
കോഴിക്കോട്: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട് സർക്കാരിനെ വിമർശിച്ച് എൻ.കെ. പ്രേമചന്ദ്രൻ. പൊറോട്ടയും ബീഫും കൊടുത്ത് ബിന്ദു അമ്മിണിയെയും രഹ്ന ഫാത്തിമയെയും ശബരിമലയിൽ എത്തിച്ച പിണറായി സർക്കാരാണ് അയ്യപ്പ സംഗമം നടത്തിയതെന്നാണ് പ്രേമചന്ദ്രൻ വിമർശിച്ചിരുന്നത്. യുഡിഎഫ് ശബരിമലയിലെ സ്വർണക്കൊള്ളയിൽ പ്രതിഷേധിച്ച് നടത്തിയ വിശ്വാസ സംരക്ഷണയാത്രയുടെ സമാപന യോഗത്തിലായിരുന്നു പരാമർശം.
ശബരിമല വിശ്വാസത്തെ വികലമാക്കാൻ വനിതകളെ കൊണ്ടുവന്ന് ഗസ്റ്റ്‌ഹൗസിൽ പാർപ്പിച്ച്, ബീഫും പൊറോട്ടയും കഴിപ്പിച്ച്, പൊലീസിന്‍റെ എസ്‌കോർട്ടോടെ മലകയറിച്ച് വിശ്വാസത്തെ അവഹേളിച്ച പിണറായി സർക്കാരിന്‍റെ നിന്ദ്യവും ഹീനവുമായ നീക്കം കേരളം ഒരിക്കലും മറക്കില്ല എന്ന് ഫെയ്സ്ബുക്കിലും കുറിച്ചു.
ഇതിനെതിരേ സമൂഹമാധ്യമങ്ങളിലൂടെയാണ് മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചത്.മനോഹരമായ ആ പേര് ഒരാളിൽ മാത്രം വിഷചന്ദ്രൻ എന്നായിരിക്കുമെന്നാണ് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചത്. ബിന്ദു അമ്മിണിയും പരസ്യമായി പ്രതികരിച്ചിട്ടുണ്ട്. ബീഫ് എനിക്കിഷ്ടമാണ് പക്ഷേ പൊറോട്ട വേണ്ട, കപ്പ ആകാം, കപ്പയും ബീഫും സൂപ്പറാണ് എന്നാണ് ബിന്ദു അമ്മിണി സമൂഹമാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്.