ചൂട് കനക്കുന്നതിനിടെ വൈദ്യുതി തടസവും; വലഞ്ഞ് ജനം

 
Kerala

ചൂട് കനക്കുന്നതിനിടെ വൈദ്യുതി തടസവും; വലഞ്ഞ് ജനം

23ന് രാത്രി 10.30ന് ഒരു മിനിറ്റ് 6,195 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യകത കൂടി

Namitha Mohanan

തിരുവനന്തപുരം: വേനൽച്ചൂട് ക്രമാതീതമായി വർധിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് അപ്രഖ്യാപിത വൈദ്യുതി നിയന്ത്രണം. ഉപഭോഗം പെരുകിയതിനാൽ ലോഡ് കൂടി ഫ്യൂസുകൾ കത്തിപ്പോകുന്നതിനാൽ രാത്രിയിലടക്കം വൈദ്യുതി ഇടയ്ക്കിടെ തടസപ്പെടാൻ തുടങ്ങിയതോടെ ജനങ്ങൾ ചൂട് സഹിക്കാനാകാതെ വീടിനു പുറത്തിറങ്ങേണ്ട സ്ഥിതി.

ഇൻവർട്ടറോ സോളാർ പാനലോ ഇല്ലാത്ത വീടുകളിൽ ആശ്വാസം തേടി കൈക്കുഞ്ഞുങ്ങളെ ഉൾപ്പടെ എടുത്ത് മാതാപിതാക്കൾ റോഡിലേക്കിറങ്ങി നടക്കുകയാണ് രാത്രികാലങ്ങളിൽ. ജനങ്ങളുടെ പ്രതിഷേധം കനത്തതോടെ വൈദ്യുതി ഉപയോഗം നിയന്ത്രിക്കണമെന്ന നിർദേശവുമായി കെഎസ്ഇബിയും രംഗത്തെത്തി.

പീക്ക് സമയ വൈദ്യുതി ഉപയോഗം ഏപ്രിൽ 18ന് സർവകാല റെക്കോർഡായ 117.16 ദശലക്ഷം യൂണിറ്റിലേക്ക് എത്തിയെന്നും വൈകുന്നേരം 6നും 10നും ഇടയിലെ വൈദ്യുതി ആവശ്യകത ചരിത്രത്തിലാദ്യമായി 6,033 മെഗാവാട്ട് എന്ന റെക്കോഡിലേക്ക് ഉയർന്നെന്നും കെഎസ്ഇബി പറയുന്നു. ഈ താത്കാലിക പ്രതിസന്ധി തരണം ചെയ്യാൻ വൈകുന്നേരം 6നും രാത്രി 11നുമിടയിൽ വൈദ്യുതി ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്നാണ് ബോർഡിന്‍റെ അഭ്യർഥന.

23ന് രാത്രി 10.30ന് ഒരു മിനിറ്റ് 6,195 മെഗാവാട്ട് വരെ വൈദ്യുതി ആവശ്യകത കൂടി. പ്രതീക്ഷകൾക്കെല്ലാം അപ്പുറമുള്ള വൈദ്യുതി ഉപയോഗമാണ് സംസ്ഥാനത്ത് നിലവിലുള്ളത്. ആഭ്യന്തര ഉത്പാദനം പരമാവധി കൂട്ടിയും പുറത്തു നിന്ന് വൈദ്യുതി വാങ്ങി എത്തിച്ചും എല്ലാ ഉപഭോക്താക്കൾക്കും ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാനുള്ള അശ്രാന്ത പരിശ്രമത്തിലാണ് കെഎസ്ഇബി.

പ്രസരണ- വിതരണ ശൃംഖലയും വലിയ സമ്മർദത്തിലാണ്. ഇക്കാരണത്താൽ ചിലയിടങ്ങളിലെങ്കിലും വോൾട്ടേജ് കുറവ് അനുഭവപ്പെടുന്നു. അത്തരം ഇടങ്ങളിൽ ശൃംഖലാ പുനഃക്രമീകരണത്തിലൂടെയും മറ്റും ഉപഭോക്താക്കളുടെ ബുദ്ധിമുട്ട് കഴിയുന്നിടത്തോളം പരിഹരിക്കാനാണ് കെഎസ്ഇബി ശ്രമിക്കുന്നതെന്നും അധികൃതർ പറയുന്നു.

എസിയുടെ താപനില 24-26 ഡിഗ്രി ക്രമീകരിക്കണം

പമ്പ് സെറ്റ്, ഇൻഡക്‌ഷൻ സ്റ്റൗ, വാട്ടർ ഹീറ്റർ, ഇസ്തിരിപ്പെട്ടി, വാഷിങ് മെഷീൻ, എസി തുടങ്ങി വൈദ്യുതി അധികമായി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗവും വൈദ്യുത വാഹനങ്ങളുടെ ചാർജിങ്ങും വൈകുന്നേരം 6 മണിക്കു ശേഷം ഒഴിവാക്കി പരമാവധി മറ്റു സമയങ്ങളിൽ ക്രമീകരിക്കണം. എസിയുടെ താപനില 24-26 ഡിഗ്രി സെൽഷ്യസിൽ ക്രമീകരിച്ചും അത്യാവശ്യമല്ലാത്ത ലൈറ്റുകളും മറ്റുപകരണങ്ങളും ഓഫ് ചെയ്തും പീക്ക് സമയത്തെ വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാനാകും. ഇത്തരം ക്രമീകരണങ്ങൾ ഉയർന്ന വൈദ്യുതി ബിൽ ഒഴിവാക്കാനും ഉപകരിക്കുമെന്നും കെഎസ്ഇബി അറിയിച്ചു.

കെ.എൽ. രാഹുലിന്‍റെ കൂറ്റൻ സെഞ്ചുറി വിഫലം; ഐപിഎല്ലില്‍ പഞ്ചാബിന് ചരിത്ര വിജയം

തെലങ്കാന രാഷ്‌ട്ര സേന; കെ. കവിത പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു

കെജ്‌രിവാൾ സ്ത്രീവിരുദ്ധൻ, അഴിമതിക്കാരൻ; സ്വാതി മലിവാൾ

കവടിയാർ കൊട്ടാരത്തിലെ കവർ‌ച്ച ആസൂത്രിതമെന്ന് പൊലീസ്

എറണാകുളം പുല്ലേപ്പടി പാലത്തിന് സമീപം വന്‍ തീപിടിത്തം