എഡിജിപി അജിത് കുമാർ 
Kerala

എഡിജിപി അജിത് കുമാറിനെതിരേ നടപടിക്ക് സമ്മർദം

അവധി നീട്ടി നൽകും, ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കിയേക്കും

VK SANJU

സ്വന്തം ലേഖകന്‍

തിരുവനന്തപുരം: ആര്‍എസ്എസ് ദേശീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ എഡിജിപി എം.ആര്‍. അജിത് കുമാറിനെതിരേ നടപടിക്ക് സംസ്ഥാന സര്‍ക്കാര്‍. പാർട്ടിയിലും മുന്നണിയിലും നിന്ന് ശക്തമായ സമ്മർദമേറുന്ന സാഹചര്യത്തിലാണ് നടപടിയെടുക്കാൻ ആഭ്യന്തര വകുപ്പു കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നിർബന്ധിതനാകുന്നത്.

അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കിയേക്കും. പകരം ക്രൈം ബ്രാഞ്ച് എഡിജിപി എച്ച്. വെങ്കിടേഷിന് ചുമതല നല്‍കുമെന്നാണു സൂചന. പരസ്യമായ നടപടിയിലേക്കു പോകാതെ അവധി നീട്ടി നല്‍കിയാണ് അജിത് കുമാറിനെ മാറ്റി നിര്‍ത്തുക. അജിത് കുമാറിന്‍റെ അവധി നീട്ടി നല്‍കാന്‍ മുഖ്യമന്ത്രി തന്നെ നിര്‍ദേശം നില്‍കി. ഈ മാസം 14 മുതല്‍ 4 ദിവസത്തേക്കാണ് അജിത്തിന് അവധി നല്‍കിയിട്ടുള്ളത്. ഈ അവധി നീട്ടി നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. അവധി നേരത്തേയാക്കാനും ആലോചനയുണ്ട്.

അജിത് കുമാറിനെ ചുമതലയില്‍ നിന്ന് മാറ്റി നിര്‍ത്തണമെന്ന് പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേശ് സാഹിബും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ തന്‍റെ വിശ്വസ്തനായ അജിത് കുമാറിനെ ഉടനടി മാറ്റി നിര്‍ത്തേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആദ്യ നിലപാട്. പക്ഷേ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ തന്നെ അതൃപ്തി വെളിപ്പെടുത്തിയതോടെ മുഖ്യമന്ത്രിക്കു വഴങ്ങേണ്ടിവന്നു.

ആർഎസ്എസ് ദേശീയ നേതാക്കളിൽ രണ്ടാമനായ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാളെയെ തൃശൂരിലും ആർഎസ്എസിന്‍റെ മുതിർന്ന പ്രചാരകനും ബിജെപി മുൻ ജനറൽ സെക്രട്ടറിയുമായ റാം മാധവിനെ കോവളത്തും അജിത് കുമാർ സന്ദർശിച്ചു എന്നതാണ് വിവാദത്തിന് അടിസ്ഥാനം.

മുന്‍ ഡിജിപി ഡോ. ടി.പി. സെന്‍കുമാറിന്‍റെ ബിജെപി ബന്ധം ചൂണ്ടിക്കാട്ടി ഒന്നാം പിണറായി സര്‍ക്കാരിന്‍റെ കാലത്ത് മുഖ്യമന്ത്രി നിയമസഭയില്‍ പ്രസംഗിച്ചിരുന്നു. മുന്‍ ഡിജിപി ജേക്കബ് തോമസിനെതിരേ അദ്ദേഹം വിട്ടുവീഴ്ചയ്ക്ക് തയാറായിരുന്നതുമില്ല.

എന്നിട്ടും എഡിജിപി അജിത്കുമാറിനെതിരായ ആരോപണത്തില്‍ മുഖ്യമന്ത്രി മൗനം തുടരുന്നതിൽ സിപിഎമ്മിനകത്ത് ശക്തമായ എതിര്‍പ്പുണ്ട്.

സിപിഎമ്മിൽ അതൃപ്തി അടങ്ങുന്നില്ല

എം.വി. ഗോവിന്ദൻ

എഡിജിപി അജിത് കുമാറിന്‍റെ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയിൽ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തന്നെ അതൃപ്തി വ്യക്തമാക്കി രംഗത്തെത്തി. സിപിഐ അടക്കം അതൃപ്തി തുറന്ന് പറഞ്ഞിട്ടുണ്ടല്ലോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് "പൂര്‍ണ തൃപ്തിയോടെയാണോ ഇക്കാര്യങ്ങള്‍ പറയുന്നത്'' എന്നായിരുന്നു ഗോവിന്ദന്‍റെ പ്രതികരണം.

എഡിപിജി ആരെ കാണാന്‍ പോകുന്നതും പാര്‍ട്ടിയുടെ പ്രശ്‌നമല്ല. സിപിഎമ്മുമായി അതിനെ കൂട്ടിക്കെട്ടേണ്ട കാര്യമില്ല. എഡിജിപിയും ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയത് മാധ്യമങ്ങളാണ്. തൃശൂര്‍ പൂരം കലക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ട് എഡിജിപി ആര്‍എസ്എസ് നേതാവിനെ കണ്ടുവെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണം അസംബന്ധമാണ്. എഡിജിപി ആരെ കാണാന്‍ പോകുന്നു എന്നതെല്ലാം ആഭ്യന്തര വകുപ്പാണ് പരിശോധിക്കേണ്ടത്. അത് സര്‍ക്കാര്‍ കാര്യമാണെന്നും ഗോവിന്ദന്‍.

ഇന്ത്യയെ നേരിടാൻ മുങ്ങിക്കപ്പൽ വാങ്ങി പാക്കിസ്ഥാൻ; പക്ഷേ, ചൈനീസാണ്! Video

പെൺകുട്ടിയെ ട്രെയ്നിൽ നിന്നു തള്ളിയിടുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു

വോട്ടർ പട്ടികയിൽ പേരു ചേർക്കാം | Video

മഹാരാഷ്ട്രയിൽ തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; മുംബൈ കോർപ്പറേഷനിൽ പിന്നീട്

ഇങ്ങനെ പോയാൽ തിയെറ്ററുകളിൽ ആളില്ലാതാവും: സുപ്രീം കോടതി | Video