ചോദ്യപ്പേപ്പർ സൂക്ഷിച്ചിരുന്ന മുറിയിൽ ദുരൂഹ സാഹചര്യത്തിൽ പ്രിൻസിപ്പൽ; പിന്നാലെ സസ്പെൻഷൻ
തിരുവനന്തപുരം: ഹയർസെക്കൻഡറി പരീക്ഷയുടെ ചോദ്യക്കടലാസ് സൂക്ഷിച്ചിരുന്ന മുറിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട സ്‌കൂൾ പ്രിൻസിപ്പലിനെയും ജീവനക്കാരനെയും സസ്പെന്‍ഡ് ചെയ്തു. അമരവിള എൽഎംഎസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ റോയി ബി. ജോൺ, പേരിക്കോണം എൽഎംഎസ് യുപി സ്‌കൂളിലെ ഓഫീസ് ജീവനക്കാരൻ ലെറിൻ ഗിൽബർട്ട് എന്നിവർക്കെതിരേയാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി.
കഴിഞ്ഞ ബുധനാഴ്ച രാത്രി 10 മണിക്കു ശേഷമാണ് എച്ച്എസ്എസിൽ പരീക്ഷാ ചോദ്യപ്പേപ്പർ സൂക്ഷിക്കുന്ന മുറിക്കു സമീപം പ്രിൻസിപ്പലിനൊപ്പം മറ്റു രണ്ടു പേരെ സംശയാസ്പദമായ സാഹചര്യത്തിൽ പരിസരവാസികൾ കണ്ടത്. ഇതോടെ ഇവരെ തടഞ്ഞുവച്ച് പൊലീസിനു കൈമാറുകയായിരുന്നു.
ഇതുപിന്നാലെ പിടിഎ പ്രസിഡന്‍റ് പരാതി നൽകി. തുടർന്നു നടത്തിയ വകുപ്പുതല അന്വേഷണത്തിൽ റോയ് ബി. ജോൺ അപേക്ഷ നൽകി പരീക്ഷാ ചുമതലകളിൽനിന്ന് ഒഴിവായിരുന്നു എന്നും, അരുമാനൂർ എൽഎംഎസ് എൽപിഎസിലെ അറബിക് അധ്യാപകനെ ഹയർ സെക്കൻഡറി പരീക്ഷയുടെ ഇൻവിജിലേറ്ററായും, ലെറിൻ ഗിൽബർട്ടിനെ ചോദ്യപ്പേപ്പറിന്‍റെ സുരക്ഷാ ഡ്യൂട്ടിക്കും അനധികൃതമായി നിയമിച്ചതായും കണ്ടെത്തി.
ഈ സംഭവങ്ങളിൽ കൂടുതൽ സംശയമുള്ള സാഹചര്യങ്ങൾക്കു വഴിവയ്ക്കുന്നതിനാൽ മേഖലാ ഡപ്യൂട്ടി ഡയറക്ടർ കെ.സുധയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഇവരെ അന്വേഷണ വിധേയമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ സസ്പെൻഡ് ചെയ്യുകയായിരുന്നു.