രാഹുലിനെതിരേ പ്രതിഷേധം ശക്തം
തിരുവല്ല: ലൈംഗിക പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലെത്തിക്കുന്നതിനിടെ പ്രതിഷേധവുമായി ഡിവൈഎഫ്ഐയും യുവ മോർച്ചയും രംഗത്തെത്തി. റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിനെ ചൊവ്വാഴ്ച ഹാജരാക്കാൻ തിരുവല്ല ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് അരുന്ധതി ദിലീപ് ഉത്തരവിട്ടിരുന്നു.
ജയിലിൽ നിന്ന് പുറത്തിറക്കിയപ്പോഴും വൈദ്യ പരിശോധനയ്ക്കായി തിരുവല്ല താലൂക്ക് ആശുപത്രിയിലെത്തിച്ചപ്പോഴും ഇതിന് ശേഷം കോടതിയിലെത്തിച്ചപ്പോഴും വൻ പ്രതിഷേധമാണ് അരങ്ങേറിയത്.
നമ്പർ വൺ കോഴി എന്ന് എഴുതിയ ട്രോഫിക്ക് മുകളിൽ രാഹുലിന്‍റെ ചിത്രം പതിപ്പിച്ച ട്രോഫിയുമായാണ് യുവമോർച്ച പ്രവർത്തകർ എത്തിയത്. കോഴിയുടെ ചിത്രം ഉയർത്തി കാട്ടിയായിരുന്നു ഡിവൈഎഫ്ഐയുടെ സമരം. രണ്ട് സംഘടനകളും ഒരുമിച്ച് പ്രതിഷേധിച്ചതോടെ പൊലീസ് ബുദ്ധിമുട്ടിയാണ് രാഹുലിനെ കൊണ്ടുപോയത്.