രാഹുൽ മാങ്കൂട്ടത്തിൽ
പാലക്കാട്: ഒളിവ് ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനോട് ഫ്ലാറ്റ് ഒഴിയാൻ ആവശ്യപ്പെട്ട് താമസക്കാരുടെ അസോസിയേഷൻ. ഈ മാസം 25നകം ഫ്ലാറ്റ് ഒഴിയണമെന്ന് കാട്ടി രാഹുലിന് നോട്ടിസ് നൽകി. പീഡന പരാതിക്ക് പിന്നാലെ ഒളിവിൽ പോയതോടെ രാഹുലിനായി പൊലീസ് തെരച്ചിൽ ഊർജ്ജിതമാക്കിയിരുന്നു. പൊലീസ് നിരന്തരം പരിശോധന നടത്തുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ഫ്ലാറ്റിലെ താമസക്കാർ പറയുന്നു. ഫ്ലാറ്റൊഴിയാൻ രാഹുൽ സമ്മതിച്ചതായാണ് വിവരം.
ലൈംഗിക പീഡന പരാതിയെ തുടർന്ന് ഒളിവിൽപോയ രാഹുൽ വോട്ടു ചെയ്യാനായി പാലക്കാട് എത്തിയിരുന്നു. 15 ദിവസത്തെ ഒളിവു ജീവിതത്തിന് ശേഷമായിരുന്നു രാഹുലിന്‍റെ തിരിച്ചുവരവ്. പാലക്കാട് നഗരസഭയിലെ 24-ാം വാർഡ് കുന്നത്തൂർമേട് നോർത്തിലെ സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ രാഹുൽ വോട്ട് ചെയ്തത്. സ്കൂളിനു പുറത്തു രാഹുലിനെതിരെ പ്രതിഷേധം ഉണ്ടായിരുന്നു.
തനിക്കു പറയാനുള്ളതും തനിക്കെതിരെ പറയുന്നതും കോടതിയുടെ മുന്നിലാണെന്നും സത്യം ജയിക്കുമെന്ന ആത്മവിശ്വാസം ഉണ്ടെന്നും പാലക്കാട്ടു തന്നെ ഉണ്ടാകുമെന്നും രാഹുൽ പറഞ്ഞു. തുടർന്ന് തന്റെ ഓഫിസിലെത്തി ജീവനക്കാരുമായി ഔദ്യോഗിക വിഷയങ്ങൾ ചർച്ച ചെയ്ത ശേഷം മടങ്ങുകയായിരുന്നു. രണ്ട് കേസുകളിലും മുൻകൂർ ജാമ്യം ലഭിച്ചതോടെയാണ് രാഹുൽ ഒളിവ് ജീവിതം അവസാനിപ്പിച്ച് തിരിച്ചെത്തിയത്. പോയ രാഹുൽ രണ്ടാഴ്ചയ്ക്കു ശേഷമാണു മണ്ഡലത്തിൽ തിരിച്ചെത്തിയത്.