എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന തീരുമാനവുമായി രാഹുൽ മാങ്കൂട്ടത്തിൽ
പത്തനംതിട്ട: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ആരോപണങ്ങൾ കത്തിപ്പടരുന്ന സാഹചര്യത്തിലും എംഎൽഎ സ്ഥാനം രാജിവയ്ക്കില്ലെന്ന തീരുമാനവുമായി കോൺഗ്രസ് നേതാവ്. ഇപ്പോഴും രാജി ആലോചനയിൽ പോലും ഇല്ലെന്നാണ് മാധ്യമങ്ങളോടുളള രാഹുലിന്‍റെ പ്രതികരണം.
നിയമപരമായി ഒരു പരാതിയും ലഭിക്കാതിരുന്നിട്ടു പോലും സ്വമേധയാ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജി വച്ചെന്നും, എംഎൽഎ സ്ഥാനം ഒഴിയേണ്ട സാഹചര്യം നിലവിലില്ലെന്നുമാണ് രാഹുൽ വ്യക്തമാക്കുന്നത്.
ഈ രാജ്യത്തെ നിയമസംവിധാനത്തിനു വിരുദ്ധമായി ഒരു പ്രവൃത്തിയും താൻ ചെയ്തിട്ടില്ലെന്നു യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച ശേഷംരാഹുൽ അവകാശപ്പെട്ടിരുന്നു. തന്നോടു രാജിവയ്ക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല. കുറ്റം ചെയ്തതുകൊണ്ടല്ല രാജിവയ്ക്കുന്നത്. സംസ്ഥാന സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾ നടക്കുന്ന സമയത്ത് കോൺഗ്രസിനു തന്നെ ന്യായീകരിക്കേണ്ട ബാധ്യത ഒഴിവാക്കാനാണു രാജിയെന്നും രാഹുൽ പറഞ്ഞിരുന്നു.
രാഹുൽ മാങ്കൂട്ടത്തിലിനെതിരേ വിട്ടുവീഴ്ചയില്ലാതെ നടപടി സ്വീകരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞിരുന്നു. യൂത്ത് കോൺഗ്രസ് അധ‍്യക്ഷസ്ഥാനത്തു നിന്നു രാഹുലിനെ മാറ്റിയത് ആദ‍്യപടിയാണെന്നും വി.ഡി. സതീശൻ പറഞ്ഞു. പരാതികൾ ഗൗരവത്തോടെ പരിശോധിക്കുമെന്നും ആരോപണം ഉന്നയിക്കുന്ന സ്ത്രീകൾക്കെതിരേ ഒരു പ്രചാരണവും കോൺഗ്രസ് പ്രവർത്തകർ നടത്തരുതെന്നും അദ്ദേഹം ആവശ‍്യപ്പെട്ടു.