സംസ്ഥാനത്ത് ശക്തമായ മഴ ലഭിക്കുന്ന സാഹചര്യത്തിൽ വിവിധ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധിയാണ്. ശക്തമായ മഴ മുന്നറിയിപ്പ് എത്തിയതിനു പിന്നാലെ ഞായറാഴ്ച വൈകിട്ടോടു കൂടി തന്നെ വിവിധ ജില്ലയിലെ കലക്‌ടർമാർ അവധി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, കണ്ണൂർ ജില്ലയിൽ മാത്രം അർധ രാത്രിയോടെയാണ് അവധി പ്രഖ്യാപിച്ചത്. ഇതോടെ കണ്ണൂർ കലക്റ്റർ അരുൺ കെ. വിജയന് വിമർശനവും പരിഹാസവുമായി സോഷ്യൽ മീഡിയ സജീവമായി.
ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ എന്ന് ചിലർ കുറിച്ചപ്പോൾ മറ്റു ചിലർ രാത്രി വൈകി ഉറങ്ങണമെന്നു പറയുന്നത് ഇതാണെന്ന് പരിഹസിച്ചു. ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റപ്പോൾ ഇട്ട പോസ്റ്റാണോ എന്നും കുറച്ചു കൂടി കഴിഞ്ഞ് പ്രഖ്യാപിച്ചാൽ മതിയായിരുന്നു എന്നു കൂടി നീളുന്നു കമന്‍റുകൾ.
എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ടും സോഷ്യൽ മീഡിയയിൽ ഏറെ വിമർശിക്കപ്പെട്ട ആളാണ് അരുൺ കെ. വിജയൻ ഐഎഎസ്. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റായിരുന്ന പി.പി. ദിവ്യ ക്ഷണിക്കാത്ത വേദിയിൽ വന്ന് നവീൻ ബാബുവിനെ വിമർശിക്കുമ്പോൾ തടയാതെ കലക്റ്റർ ആസ്വദിച്ചു കേട്ടിരുന്നു എന്ന മട്ടിലായിരുന്നു വിമർശനങ്ങൾ.
അതേസമയം, അർധരാത്രിയോടെ അവധി പ്രഖ്യാപിച്ച ഇടുക്കി കലക്റ്റർക്ക് സമൂഹ മാധ്യമങ്ങളിൽ അഭിനന്ദനങ്ങളാണ് കിട്ടുന്നത്. കലക്റ്റർ വി. വിഘ്നേശ്വരി അവധി പ്രഖ്യാപിച്ച രീതിയും, വൈകിയതിന്‍റെ കാരണം വിശദമാക്കിയതുമാണ് അഭിനന്ദനങ്ങൾക്കു കാരണം.
''എല്ലാവരും ഉറക്കമായോ... നാളെ കുട്ടികളെ സ്കൂളിലേക്കും കോളേജിലേക്കും വിടേണ്ട കേട്ടോ...'' എന്നു തുടങ്ങിന്ന അവധി അറിയിപ്പിൽ, എന്തുകൊണ്ടാണ് പ്രഖ്യാപനം വൈകിയതെന്ന വിശദീകരണം ഇങ്ങനെ:
''ജില്ലയിലെ അഞ്ച് താലൂക്കുകളിൽ നിന്നുള്ള റിപ്പോർട്ടുകൾ ലഭിക്കണം. അതിനു ശേഷം, മുൻപ് സൂചിപ്പിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പരിശോധിച്ചു മാത്രമേ ഉത്തരവിറക്കാൻ ആകൂ... വൈകിയതിനു കാരണം മനസ്സിലാകുമല്ലോ...''