ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ
file
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിനെതിരേ ആഞ്ഞടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അയ്യപ്പ സംഗമം സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്നത് രാഷ്ട്രീയ നാടകമാണെന്നും വോട്ട് ബാങ്കാണ് ലക്ഷ‍്യമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അയ്യപ്പ സംഗമം രാഷ്ട്രീയമായി കാണരുതെന്ന് മുഖ‍്യമന്ത്രി പിണറായി വിജയൻ പറഞ്ഞതിനെതിരേയാണ് നിലവിൽ രാജീവ് ചന്ദ്രശേഖർ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുന്നത്.
ആരേ വിഡ്ഢിയാക്കാനാണ് മുഖ‍്യമന്ത്രി അയ്യപ്പ സംഗമം രാഷ്ട്രീയമായി കാണരുതെന്ന് പറഞ്ഞതെന്നും പിന്നെന്തിനാണ് തമിഴ്നാട് മുഖ‍്യമന്ത്രി എം.കെ. സ്റ്റാലിനെ സ്റ്റാലിനെ അയ്യപ്പ സംഗമത്തിലേക്ക് ക്ഷണിച്ചതെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. ഹിന്ദു വൈറാസാണെന്ന് പറഞ്ഞ സ്റ്റാലിനും അയ്യപ്പ ഭക്തരെ ഉപദ്രവിച്ച പിണറായി വിജയനും അവിടെ പോകാൻ പാടില്ലെന്നും അത് അപമാനമാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
മുഖ‍്യമന്ത്രി നാസ്തികനാണെന്നും എന്നാൽ ആരാധനയുടെ ഭാഗമാണ് അയ്യപ്പ സംഗമം എന്നാണ് മുഖ‍്യമന്ത്രി പറയുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ശബരിമലയിൽ കഴിഞ്ഞ 10 കൊല്ലമായി ഭക്തർക്ക് അടിസ്ഥാന സൗകര‍്യമൊരുക്കാത്ത ദേവസ്വം ബോർഡ് അയ്യപ്പ സംഗമം നടത്തുകയാണെങ്കിൽ നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.