രാജീവ് ചന്ദ്രശേഖർ
file image
തിരുവനന്തപുരം: ആറ്റംബോംബെന്നു പറഞ്ഞു രാഹുൽ ഗാന്ധി കൊണ്ടുവന്ന തെരഞ്ഞെടുപ്പ് കമ്മിഷന് എതിരെയുള്ള ആരോപണങ്ങൾ ദീപാവലിക്ക് നനഞ്ഞ പടക്കം കത്തിച്ച പോലെയായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തോറ്റുതൊപ്പിയിട്ട പാർട്ടിയെ പ്രവർത്തകർ മടുത്തു തുടങ്ങിയതാണ് തെരഞ്ഞെടുപ്പ് പ്രക്രിയയെത്തന്നെ രാഹുൽ ലക്ഷ്യമിടാൻ കാരണം.
ആരോ കീ കൊടുത്ത പാവയെ പോലെയാണ് രാഹുലിന്‍റെ പ്രവൃത്തികളെല്ലാം. അതിർത്തിയിലെ ചൈനീസ് കൈയേറ്റമെന്ന പ്രസ്താവനയിൽ സുപ്രീം കോടതി ഉന്നയിച്ച ചോദ്യങ്ങൾ തിരിച്ചടിയായതോടെയാണ് പുതിയ ആരോപണവുമായി രംഗത്തെത്തിയത്. വർഷത്തിൽ അഞ്ചും ആരും തവണ വിനോദസഞ്ചാരത്തിന് പോകുന്ന രാഹുൽഗാന്ധി രാജ്യത്തെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെക്കുറിച്ചുകൂടി പഠിക്കണം.
തെരഞ്ഞെടുപ്പിന് മുന്നേ വോട്ടർ പട്ടിക എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നൽകിയതാണ്. അത് അന്ന് പരിശോധിക്കാതെ ഇപ്പോൾ ഒരു വർഷം കഴിഞ്ഞ് പരാതി ഉന്നയിക്കുന്നത് നിരന്തരം വിവാദങ്ങൾ സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ്. തൃശൂരിൽ സുരേഷ്ഗോപിയെ കാണാനില്ലെന്നാണ് പരാതി. എംപി കേന്ദ്ര മന്ത്രിയായാൽ കൂടുതൽ ചുമതലകൾ ഉണ്ടാകുമെന്ന് എല്ലാവർക്കും അറിയാം. പരാതി ഉന്നയിച്ച ഓർത്തഡോക്സ് സഭാ തൃശൂർ ഭദ്രാസനാധിപൻ യൂഹാനോൻ മാർ മിലിത്തിയോസിനോട് കാര്യങ്ങൾ വിശദീകരിക്കുമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.