രമേശ് ചെന്നിത്തല
തിരുവനന്തപുരം: ലഹരി മാഫിയയുമായി ബന്ധപ്പെട്ട് പണ്ട് നടത്തിയ പ്രസംഗത്തിലെ തെറ്റ് തിരുത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ചെറിയ അണലിക്കുഞ്ഞുങ്ങളെക്കൊണ്ട് കടിപ്പിച്ച് ലഹരി ഉപയോഗിക്കുന്നുവെന്ന പരാമർശമാണ് ചെന്നിത്തല തിരുത്തിയത്. അണലിയെക്കൊണ്ട് കടിപ്പിച്ചാൽ ലഹരി ലഭിക്കില്ലെന്നും മറ്റു പാമ്പുകളെയാണ് ഉപയോഗിക്കുന്നതെന്നുമുള്ള ഡോ. ഷിംന അസീസിന്‍റെ വിശദമായ ഫെയ്സ്ബുക്ക് പോസ്റ്റിനു പിന്നാലെയാണ് ചെന്നിത്തലയുടെ തിരുത്ത്.
വിഷ പാമ്പുകളെ കൊത്തിച്ച് ലഹരി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ഭാഗത്ത്, അതിനായി ഉപയോഗിക്കുന്നത് ചെറിയ അണലികളെയാണ് എന്ന് ഞാൻ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല. ഡോക്ടറുടെ തിരുത്ത് സ്വീകരിക്കുന്നു എന്നാണ് ചെന്നിത്തല കുറിച്ചിരിക്കുന്നത്. ഡോ. ഷിംനയെ തൂഫാൻ വാരിയറാകാനും ചെന്നിത്തല ക്ഷണിച്ചിട്ടുണ്ട്. അണലിയെക്കൊണ്ട് കടിപ്പിക്കുമെന്ന തെറ്റായ പ്രചാരണമാണെന്ന് ചൂണ്ടിക്കൊണ്ടുള്ള ഷിംനയുടെ പോസ്റ്റിനു താഴെ സൈബർ ആക്രമണം രൂക്ഷമായിരുന്നു.
ചെന്നിത്തലയുടെ ഫെയ്സ്ബുക്ക് കുറിപ്പ് വായിക്കാം
ലഹരിക്ക് എതിരായ പോരാട്ടം വ്യക്തി ജീവിതത്തിലും പൊതുപ്രവർത്തനത്തിലും ഏറെക്കാലമായി ഏറ്റെടുത്തിട്ടുള്ളതാണ്. മിക്കവാറും വേദികളിൽ ലഹരിക്ക് എതിരെ പ്രതികരിക്കാറുണ്ട്. പ്രസംഗത്തിലും അഭിമുഖങ്ങളിലുമെല്ലാം. ഇലക്ഷനു മുൻപ്, യുഡിഎഫിന് അധികാരം കിട്ടിയാൽ ലഹരിയുടെ വേരറുക്കും എന്ന പ്രഖ്യാപനം നടത്തുകയും ആ വാക്കു പാലിക്കുന്ന “തൂഫാൻ”ആരംഭിച്ചതിലും അഭിമാനമുണ്ട്.
അത്തരം ഒരു സംഭാഷണത്തിൽ വളരെ നാൾ മുൻപ് എന്റേതായി വന്ന ഒരു പരാമർശത്തിൽ കടന്നു കൂടിയ തെറ്റ് സംബന്ധിച്ച് ഡോ. ഷിംന അസീസിന്റെ തിരുത്ത് മാധ്യമങ്ങളിലൂടെ ശ്രദ്ധയിൽപ്പെട്ടു. അപകടകരവും മാരകവുമായ വിവിധ തരം ലഹരി ഉപയോഗങ്ങളെ കുറിച്ചുള്ള സംഭാഷണത്തിന് ഇടയിലായിരുന്നു അത്. വിഷ പാമ്പുകളെ കൊത്തിച്ച് ലഹരി ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ഭാഗത്ത്, അതിനായി ഉപയോഗിക്കുന്നത് ചെറിയ അണലികളെയാണ് എന്ന് ഞാൻ പറഞ്ഞത് വസ്തുതാപരമായി ശരിയല്ല. ഡോക്ടറുടെ തിരുത്ത് സ്വീകരിക്കുന്നു.
പാമ്പുകളെ ഉപയോഗിക്കുന്നതു പോലെ അത്യന്തം അപകടകരവും വിനാശകരവുമായ ലഹരി ഉപയോഗം ഉണ്ടെന്നത് ഞെട്ടിപ്പിക്കുന്നതാണ്. കേരളത്തിലും അത്തരം കേന്ദ്രങ്ങൾ ഉണ്ടെന്ന വിവരങ്ങളെ ഗൗരവത്തോടെയാണ് മനസിലാക്കുന്നത്. ഇതെല്ലാം സംബന്ധിച്ച യഥാർത്ഥ വിവരങ്ങൾ അറിയിക്കാൻ ആരും മടിക്കരുത്. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായിരിക്കും.
തൂഫാൻ- ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി തൂഫാൻ വാറിയറാകാൻ ഡോ. Shimna Azeez ഹൃദയപൂർവ്വം ക്ഷണിക്കുന്നു.