കോഴിക്കോട്: കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് വ്യാപാരി മുഹമ്മദ് ആട്ടൂരിന്‍റെ (മാമി) തിരോധന കേസ് പുരോഗമിക്കുന്നതിനിടെ ദുരൂഹസാഹചര്യത്തില്‍ കാണാതായ മുഹമ്മദ് ആട്ടൂരിന്‍റെ ഡ്രൈവറേയും ഭാര്യയേയും കണ്ടെത്തി. വ്യാഴാഴ്ച മുതൽ കാണാതായ എലത്തൂർ പ്രണവം ഹൗസിൽ രജിത് കുമാർ (45), ഭാര്യ തുഷാര (35) എന്നിവരെയാണു ഗുരുവായൂരിൽനിന്നുമാണ് കണ്ടെത്തിയത്. നടക്കാവ് പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും കണ്ടെത്തിയത്. ഇരുവരെയും ഉടൻ കോഴിക്കോട് എത്തിച്ച് കോടതിയിൽ ഹാജരാക്കും.
ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്ത ശേഷം രജിത് കുമാറിനെയും ഭാര്യ തുഷാരയെയും കാണാതായെന്ന് കാണിച്ച് കുടുംബമാണ് പൊലീസിൽ പരാതി നൽകിയത്. ബുധനാഴ്ച വീണ്ടും ഹാജരാകണമെന്ന് അറിയിച്ചതിനു പിന്നാലെയാണ് ഇരുവരെയും കാണാതായത്. കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്നും ഇരുവരും ഓട്ടോറിക്ഷയില്‍ കയറി പോകുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ നേരത്തെ പുറത്ത് വന്നിരുന്നു.
2023 ആഗസ്ത് 21 നാണ് മുഹമ്മദ് ആട്ടൂർ എന്ന മാമിയെ കാണാതാകുന്നത്. അന്ന് ഓഫിസിൽ വച്ചു മാമി ഡ്രൈവറെ കണ്ടിരുന്നു. ഇതിന് പിറകെയാണ് മാമിയെ കാണാതാകുന്നത്. രജിത് കുമാർ 20 വർഷത്തിൽ അധികമായി മാമിയുടെ ഡ്രൈവർ ആയി ജോലി ചെയ്യുന്നുണ്ട്. മാമി തിരോധാന കേസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുടുംബം അതൃപ്തി അറിയിച്ചതിനെ തുടർന്ന് കഴിഞ്ഞ സെപ്തംബറിൽ അന്വേഷണം കോഴിക്കോട് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.