തിരുവനന്തപുരത്തും കൊച്ചിയിലും വിമത ഭീഷണി
Udf, Ldf, Bjp - Flags
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ മിക്ക ജില്ലകളിലും സ്ഥാനാർഥികൾ വിമത ശല്യത്തിൽ പൊറുതി മുട്ടുകയാണ്. പല മണ്ഡലങ്ങളിലും ഒന്നിൽ കൂടുതൽ വിമതരാണ് ഉള്ളത്. തിരുവനന്തപുരം കോർപ്പറേഷനിൽ മുന്നണികൾക്ക് വിമത ഭീഷണിയുണ്ട്. നാല് വാർഡുകളിലാണ് എൽഡിഎഫിന് വിമതർ മത്സരരംഗത്തുള്ളത്. യുഡിഎഫിനും കോർപ്പറേഷനിൽ വിമത ഭീഷണിയുണ്ട്.
ഘടക കക്ഷിക്ക് നൽകിയ വാർഡുകളിലാണ് കോൺഗ്രസ് വിമതർ മത്സര രംഗത്തുള്ളത്.
വാഴോട്ടുകോണം വാർഡിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി കെവി മോഹനനും, ദേശാഭിമാനി മുൻ ബ്യൂറോ ചീഫ് കെ ശ്രീകണ്ഠൻ ഉള്ളൂരിലും ആനി അശോകൻ ചെമ്പഴന്തിയും സിപിഎമ്മിന് ഭീഷണിയായിയുണ്ട്. കാച്ചാണി നെട്ടയം സതീഷും സിപിഎം റിബലായി മത്സര രംഗത്തുണ്ട്. പൗണ്ട് കടവിൽ ലീഗ് സ്ഥാനാർത്ഥിക്കെതിരായ കോൺഗ്രസ് റിബലും രംഗത്തുണ്ട്.
പുഞ്ചക്കരിയിൽ ആർഎസ്‍പി സ്ഥാനാർത്ഥിക്കെതിരേ പത്രിക നൽകിയ മുൻ കൗൺസിലർ കൃഷ്ണവേണിയും പിൻമാറുന്നത് കാണുന്നില്ല. കൊച്ചിയിൽ കോർപറേഷനിൽ ഏതാണ്ട് 10 ഇടങ്ങളിൽ യുഡിഎഫിനും 2 ഇടങ്ങളിൽ ബിജെപിക്കും റിബൽ ഉണ്ട്. ഇവരിൽ ചിലർ പത്രിക പിൻവലിച്ചേക്കുമെന്നും സൂചനയുണ്ട്. വയനാട്ടിൽ റിബൽ ഭീഷണി ഉയർത്തുന്ന യൂത്ത് കോൺഗ്രസ് നേതാവ് ജഷീർ പള്ളിവയലിനെ അനുനയിപ്പിക്കാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. കൊല്ലം കോർപ്പറേഷൻ കുരീപ്പുഴ ഡിവിഷനിൽ യുഡിഎഫ് സ്ഥാനാർത്ഥിക്കെതിരേ കോൺഗ്രസ് വിമതൻ എസ്.ഷാനവാസും മത്സരരംഗത്തുണ്ട്.
കൊല്ലം കോർപ്പറേഷൻ കൊല്ലൂർവിള ഡിവിഷനിൽ എൽഡിഎഫ് ജനതാദളിനു നൽകിയ നൽകിയ സീറ്റിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി രാജിവച്ച് ഐഎൻഎൽ സ്ഥാനാർത്ഥിയായി മത്സരിക്കുന്നു. ഇഖ്ബാലാണ് ഐഎൻഎൽ സ്ഥാനാർത്ഥി.
റിജിൽ മാക്കുറ്റി മത്സരിക്കുന്ന ആദി കടലായി ഡിവിഷനിൽ ലീഗ് വിമതനുണ്ട്. മേയർ സ്ഥാനത്തേക്ക് എത്തുമെന്ന് കരുതുന്ന മഹിളാ കോൺഗ്രസ് നേതാവ് വി.കെ മിനിമോൾക്കെതിരേ മൽസരിക്കുന്ന ജോസഫ് അലക്സ്, പൂണിത്തുറ ഡിവിഷനിൽ മൽസരിക്കുന്ന യൂത്ത് കോൺഗ്രസ് നേതാവ് ഹരീഷ് പൂണിത്തുറ, തോപ്പുംപടിയിൽ മൽസരിക്കുന്ന നിലവിലെ കൗൺസിലർ ബാസ്റ്റിൻ എന്നിവരാണ് റിബലുകളിൽ പ്രധാനപ്പെട്ടവർ. ചെറളായിൽ മൽസരിക്കുന്ന സീനിയർ കൗൺസിലർ ശ്യാമള എസ് പ്രഭുവാണ് ബിജെപി റിബലുകളിൽ പ്രധാനി.
ഇളമ്പള്ളൂർ പഞ്ചായത്തിലെ പെരുമ്പുഴ വാർഡ് 11ൽ സിപിഎം ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരേ കുണ്ടറ ഏരിയ കമ്മിറ്റി അംഗവും കർഷക സംഘത്തിന്‍റെ ജില്ലാ ഭാരവാഹിയുമായ സോമൻ പിള്ള വിമത സ്ഥാനാർത്ഥിയാണ്. കൊല്ലം ജില്ലാ പഞ്ചായത്ത് അഞ്ചൽ ഡിവിഷനിൽ ഡിസിസി നിർവാഹസമിതി അംഗമായ പിബി വേണുഗോപാലും മുസ്ലിം ലീഗ് പുനലൂർ നിയോജകമണ്ഡലം വർക്കിംഗ് പ്രസിഡന്‍റായ അഞ്ചൽ ബദറുദിനും മത്സര രംഗത്തുണ്ട്. കണ്ണൂർ കോർപ്പറേഷനിൽ മുൻ കോൺഗ്രസ് നേതാവ് പികെ രാഗേഷിന്‍റെ നേതൃത്വത്തിൽ 12 ഡിവിഷനുകളിൽ സ്ഥാനാർഥികളുണ്ട്.
വാരം ഡിവിഷനിൽ ലീഗിന് വിമത സ്ഥാനാർത്ഥിയായി സമസ്തയുടെ പിന്തുണയോടെ റയീസ് അസ് അദി മത്സരിക്കുന്നു. മേയർ സ്ഥാനാർഥിയായി പരിഗണിക്കുന്ന കോൺഗ്രസിലെ പി.ഇന്ദിരയ്ക്ക് പയ്യാമ്പലം ഡിവിഷനിൽ മഹിളാ കോൺഗ്രസ് നേതാവ് കെഎൻ ബിന്ദു വിമതയാണ്.