ആർജെഡി സംസ്ഥാന സെക്രട്ടറി ജനറൽ വർഗീസ് ജോർജ്
പത്തനംതിട്ട: സഹകരണ ബാങ്കുകൾ വഴി സാമൂഹിക സുരക്ഷാ പെൻഷനുകൾ വീടുകളിലെത്തിച്ച് വിതരണം ചെയ്യുന്ന സംവിധാനം നിർത്താനുള്ള കേരള സർക്കാരിന്‍റെ തീരുമാനത്തെ വിമർശിച്ച് ആർജെഡി സംസ്ഥാന സെക്രട്ടറി ജനറൽ വർഗീസ് ജോർജ്. സർക്കാരിന്‍റെ ഈ തീരുമാനം പ്രായോഗികമല്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ, ക്ഷേമ പെൻഷനുകൾ സഹകരണ ബാങ്കുകൾ വഴി വിതരണം ചെയ്യുന്നത് നിർത്താനും കിടപ്പുരോഗികൾ ഒഴികെയുള്ള എല്ലാ ഗുണഭോക്താക്കൾക്കും ആധാറുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം കൈമാറുന്ന സംവിധാനം നിർബന്ധമാക്കാനുമാണ് യുഡിഎഫ് സർക്കാർ അടുത്തിടെ തീരുമാനിച്ചത്.
നിലവിലെ സംവിധാനത്തിൽ സംസ്ഥാനത്ത് ഏകദേശം 62 ലക്ഷം പേർ സഹകരണ ബാങ്കുകൾ വഴി സാമൂഹിക സുരക്ഷാ, ക്ഷേമ ബോർഡ് പെൻഷനുകൾ കൈപ്പറ്റുന്നുണ്ടെന്ന് വർഗീസ് ജോർജ് പറഞ്ഞു. എന്നാൽ ഇവരിൽ മൂന്നിലൊന്നുപേർക്കുപോലും വാണിജ്യ ബാങ്കുകളിൽ ആധാറുമായി ബന്ധിപ്പിച്ച അക്കൗണ്ടുകളില്ലെന്നാണ് അദ്ദേഹത്തിന്‍റെ വാദം.
കേന്ദ്ര സർക്കാരിന്‍റെ 'ജൻ ധൻ' പദ്ധതിയിലൂടെ തുറന്ന പല അക്കൗണ്ടുകളും ഇടപാടുകൾ നടക്കാത്തതിനാൽ മരവിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പെൻഷൻ തുക വാണിജ്യ ബാങ്കുകളിലെത്തിയാൽ മിനിമം ബാലൻസ് എന്ന പേരിൽ ബാങ്കുകൾ തുകയിൽനിന്ന് പണം കുറയ്ക്കാൻ സാധ്യതയുണ്ടെന്നും അതുവഴി ഗുണഭോക്താക്കൾക്ക് പെൻഷൻ മുഴുവൻ ലഭിക്കില്ലെന്നും വർഗീസ് പറഞ്ഞു. നേരത്തെയുണ്ടായിരുന്ന സംവിധാനമാണ് കൂടുതൽ ഫലപ്രദമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെൻഷന്‍റെ പ്രധാന തുക സഹകരണ ബാങ്കുകൾ വഴിയാണ് കൈമാറുന്നതെന്നും ഇതിനായി സർക്കാർ ബാങ്കുകൾക്ക് ഒൻപത് ശതമാനം പലിശ നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോൾ വിതരണ പ്രക്രിയയിൽനിന്ന് സഹകരണ ബാങ്കുകളെ ഒഴിവാക്കുകയാണ്.
ഓണത്തിന് മുൻപ് പെൻഷൻ ലഭിക്കുന്നതിനായി ആളുകളോട് വാണിജ്യ ബാങ്കുകളിൽ അക്കൗണ്ട് തുറക്കാൻ ആവശ്യപ്പെടുകയും പെൻഷൻ വാണിജ്യ ബാങ്കുകൾ വഴി വിതരണം ചെയ്യുകയും ചെയ്യുന്നത് തീർത്തും അപ്രായോഗികമാണെന്ന് വർഗീസ് ജോർജ് പറഞ്ഞു.
മുൻപ് ഉണ്ടായിരുന്ന സംവിധാനം പുനഃസ്ഥാപിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറ്റ് എൽഡിഎഫ് ഘടകകക്ഷികളും സമാനമായ ആവശ്യം ഉന്നയിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വർഗീസ് പറഞ്ഞു. ഇത് നടപ്പായില്ലെങ്കിൽ മറ്റ് രാഷ്ട്രീയ നടപടികളിലേക്ക് കടക്കേണ്ടിവരുമെന്നും ആർജെഡി വ്യക്തമാക്കി.