റീജ്യണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം ട്രെയിൻ.

 

File

Kerala

കെ-റെയിലിനു ബദൽ RRTS: പുതിയ പദ്ധതിയുമായി സർക്കാർ

തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 583 കിലോമീറ്റർ നീളത്തിൽ റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതി

Thiruvananthapuram Bureau

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിൽ എതിർപ്പ് വ്യാപകമായതോടെ ബദൽ പദ്ധതിയുമായി സർക്കാർ. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ 583 കിലോമീറ്റർ നീളത്തിൽ റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) പദ്ധതി നടപ്പാക്കാൻ സംസ്ഥാന മന്ത്രിസഭാ യോഗം തത്വത്തിൽ അംഗീകാരം നൽകി.

പദ്ധതിക്കായി സംസ്ഥാനത്തിന്‍റെ താത്പര്യം അറിയിച്ച് കേന്ദ്ര സർക്കാരിന് ഔപചാരികമായി കത്തയക്കും. അതിനാവശ്യമായ കൂടിയാലോചനകൾ ആരംഭിക്കുവാനും ഗതാഗത വകുപ്പിനെ മന്ത്രിസഭ ചുമതലപ്പെടുത്തി.കേന്ദ്ര സർക്കാരുമായി ചർച്ചകൾക്ക് ശേഷം, കേന്ദ്രത്തിന്‍റെ തത്വത്തിലുള്ള അനുമതി ലഭിക്കുന്ന മുറയ്ക്ക് ധാരണാ പത്രത്തിൽ ഏർപ്പെടും, പദ്ധതിയുടെ സാങ്കേതിക സാമ്പത്തിക കാര്യങ്ങൾ, വായ്പാസ്രോതസ്സുകൾ എന്നിവ സംബന്ധിച്ച അന്തിമ അനുമതി നൽകുന്നതിനു ഗതാഗത വകുപ്പ് മന്ത്രിസഭയുടെ പരിഗണനയ്ക്കു സമർപ്പിക്കും.

ആർആർടിഎസ് (റീജിയണൽ റാപിഡ് ട്രാൻസിറ്റ് സിസ്റ്റം) പ്രായോഗികവും സാമൂഹികവുമായി അംഗീകരിക്കാവുന്ന അതിവേഗ റെയിൽവേ സംവിധാനമാണ്. ഡൽഹി - മിററ്റ് ആർആർടിഎസ് കോറിഡോർ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. അതിലൂടെ, ഇന്ത്യയിൽ ഈ സാങ്കേതികവിദ്യയുടെ പ്രായോഗികത തെളിയിക്കപ്പെട്ടു. മണിക്കൂറിൽ 160 - 180 കിലോമീറ്റർ വരെ വേഗം, കുറഞ്ഞ സ്റ്റേഷൻ ഇടവേള, ഉയർന്ന യാത്രാ ശേഷി എന്നിവ ആർആർടിഎസ് നെ കേരളത്തിനും അനുയോജ്യമാക്കുന്നു.

ഇതിനു പുറമെ മീററ്റ് മെട്രോ എന്നത് ആർആർടിഎസുമായി സംയോജിപ്പിച്ചാണ് പ്രവർത്തിക്കുന്നത്. ഈ സംവിധാനം പൂർണമായും ഗ്രേഡ് - സെപ്പറേറ്റഡ് (തൂണുകളിൽ കൂടി) ആയി നടപ്പിലാക്കാൻ കഴിയും. കേന്ദ്ര സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചതിനാലാണ് പദ്ധതിയെ കുറിച്ച് ആലോചിക്കുന്നതെന്ന് മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞു.

വിവിധ ഘട്ടങ്ങൾ പരസ്പരം സമാന്തരമായി ഒരേ സമയം തന്നെ പുരോഗമിക്കുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്യുന്നത്. ആദ്യഘട്ടമായി തിരുവനന്തപുരം മുതൽ തൃശൂർ വരെ ഉള്ള ട്രാവൻകൂർ ലൈൻ, ഒപ്പം തിരുവനന്തപുരം മെട്രോയും കൂടാതെ കൊച്ചി മെട്രോയുടെ സംയോജിപ്പിക്കലും ഒരേ സമയക്രമത്തിൽ സമാന്തരമായി ആരംഭിക്കും. 284 കിലോമീറ്റർ വരുന്ന ആദ്യഘട്ടം 2027 ൽ നിർമ്മാണം ആരംഭിച്ച് 2033 ൽ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.

രണ്ടാംഘട്ടമായി തൃശൂർ മുതൽ കോഴിക്കോട് വരെ മലബാർ ലൈനും അതോടൊപ്പം കോഴിക്കോട് മെട്രോയും നടപ്പിലാക്കും. മൂന്നാംഘട്ടമായി കോഴിക്കോട് മുതൽ കണ്ണൂർ വരെ കണ്ണൂർ ലൈൻ വികസിപ്പിക്കുന്നതും അവസാന ഘട്ടമായി കണ്ണൂർ മുതൽ കാസർഗോഡ് ലൈനും പൂർത്തിയാക്കുന്നതിനുമാണ് നിർദ്ദേശമുള്ളത്.

മറ്റ് സംസ്ഥാനങ്ങളിലേക്കും നീട്ടും

തിരുവനന്തപുരം: സംസ്ഥാനത്തിന്‍റെ ജനസാന്ദ്രതയും പരിസ്ഥിതി പരിരക്ഷ ആവശ്യമായ ഭൂപ്രകൃതിയും കണക്കിലെടുത്ത്, തറനിരപ്പിൽ കൂടെയുള്ള മോഡലിന് പകരം തൂണുകൾ വഴിയുള്ള മോഡലാണ് സ്വീകരിക്കുന്നത്. ഇതിലൂടെ ഭൂമിയേറ്റെടുപ്പ് ഗണ്യമായി കുറയ്ക്കുവാനും പ്രകൃതിദത്ത ജലപ്രവാഹം തടസപ്പെടുന്നത് ഒഴിവാക്കാനും ചില പ്രദേശങ്ങളിൽ ഉയർന്നു വന്ന അഭിപ്രായ വ്യത്യാസങ്ങൾ കുറയ്ക്കുവാനും സാധിക്കും. പദ്ധതിയുടെ ഭൂരിഭാഗവും തൂണുകളിൽ കൂടെയും, ആവശ്യമുള്ള സ്ഥലങ്ങളിൽ മാത്രം എംബാങ്ക്മെന്‍റ്, ടണൽ എന്നിവയിലൂടെയും ആയിരിക്കും.

ആർആർടിഎസ് നഗര മെട്രോ പദ്ധതികളുമായി സംയോജിപ്പിക്കാനാണ് ഉദേശ്യം. നിലവിലുള്ള കൊച്ചി മെട്രോയുമായും, ഭാവിയിൽ വിഭാവന ചെയ്യുന്ന തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലെ മെട്രോ സംവിധാനങ്ങളും ആർആർടിഎസ് സ്റ്റേഷനുകളുമായി സംയോജിപ്പിക്കാൻ സാധ്യമാകും. ലാസ്റ്റ് മൈൽ കണക്ട്വിറ്റി മെച്ചപ്പെടുകയും, സ്വകാര്യ വാഹന ആശ്രയം കുറയുകയും ചെയ്യും. ഇത് സംസ്ഥാനത്ത് ഒരു ഏകികൃത ബഹുവിധ ഗതാഗത ശൃംഖല സൃഷ്ടിക്കും.

പദ്ധതിച്ചെലവിന്‍റെ 20 ശതമാനം സംസ്ഥാന സർക്കാർ, 20 ശതമാനം കേന്ദ്ര സർക്കാർ, ശേഷിക്കുന്ന 60 ശതമാനം അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള ദീർഘകാല വായ്പ എന്ന നിലയിലാണ് ഉദ്ദേശിക്കുന്നത്. ഘട്ടം ഘട്ടമായി പദ്ധതി നടപ്പിലാക്കുക വഴി സംസ്ഥാനത്തിന് സാമ്പത്തിക ഭാരം കുറയ്ക്കുവാനും കഴിയും.

പദ്ധതി അയൽ സംസ്ഥാനങ്ങളുടെ കൂടി സഹകരണത്തോടെ പാലക്കാട് വഴി കോയമ്പത്തൂരിലേക്കും, തിരുവനന്തപുരത്തുനിന്നും കന്യാകുമാരിയിലേക്കും, കാസർഗോഡ് വഴി മംഗലാപുരത്തേക്കും ഭാവിയിൽ വികസിപ്പിക്കാവുന്നതാണ് എന്നതാണ് മറ്റൊരു പ്രത്യേകത.ഘട്ടങ്ങളായി, എന്നാൽ സമാന്തരമായുള്ള സമയക്രമത്തിൽ പദ്ധതി നടപ്പിലാക്കുന്നതിലൂടെ ഏകദേശം 12 വർഷത്തിനുള്ളിൽ സംസ്ഥാനത്തുടനീളമുള്ള സമ്പൂർണ എആർടിഎസ് ശൃംഖല (തിരുവനന്തപുരം കോഴിക്കോട് മെട്രോ ഉൾപ്പെടെ) യാഥാർത്ഥ്യമാക്കാൻ സാധിക്കും.

സമ്മർ ബമ്പർ ലോട്ടറി വിപണിയിൽ

ഇന്ത്യക്ക് 216 റൺസ് വിജയലക്ഷ്യം, സഞ്ജു 24 (15)

തെരുവ് നായ നിയന്ത്രണം: സംസ്ഥാനങ്ങൾക്ക് സുപ്രീം കോടതിയുടെ വിമർശനം

"ഒന്നും നമ്മുടെ കൈയിലല്ല"; അജിത് പവാറിന്‍റെ മരണത്തിൽ ഗൂഢാലോചനാ സാധ്യത തള്ളി ശരദ് പവാർ

ഇന്ത്യ-‍യൂറോപ്യൻ യൂണിയൻ വ്യാപാര കരാർ ട്രംപിനു തിരിച്ചടി