നമ്മുടെ എംപിയെ പൊലീസുകാരിലൊരാൾ പിന്നിൽ നിന്നും ലാത്തികൊണ്ടടിച്ചു; റൂറൽ എസ്പി
വടകര: ഷാഫി പറമ്പിൽ എംപിക്കെതിരായ പൊലീസ് ആക്രമണത്തിൽ തങ്ങളുടെ കൂട്ടത്തിൽ ചിലർ മനപ്പൂർവം പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിച്ചെന്ന് റൂറൽ എസ്പി കെ.ഇ. ബൈജു. അത് ആരാണെന്ന് കണ്ടെത്താൻ ശ്രമം നടക്കുകയാണെന്നും എന്നാൽ പേരാമ്പ്രയിൽ ലാത്തി ചാർജ് നടന്നിട്ടില്ലെന്നും ബൈജു പറഞ്ഞു. വടകരയിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് എസ്പിയുടെ പരാമർശം.
കമാൻഡ് ചെയ്യും, വിസിലടിക്കും, അടിച്ചോടിക്കും. ഇങ്ങനെയാണ് ലാത്തിച്ചാർജ് നടക്കുക. അത് നടന്നിട്ടില്ല. പക്ഷേ നമ്മുടെ കൂട്ടത്തിലൊരാൾ എംപിയെ പിന്നിൽ നിന്ന് ലാത്തികൊണ്ട് അടിച്ചു. അതാരാണെന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. ടിയർ ഗ്യാസ് ഉപയോഗിക്കുക മാത്രമാണ് പൊലീസ് ചെയ്തതെന്നും റൂറൽ എസ്പി പ്രതികരിച്ചു.