രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ മുഖ്യമന്ത്രി വി.ഡി. സതീശനു കത്തയച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ അനുകൂല നടപടി സ്വീകരിച്ചില്ലെങ്കില്‍ ബിജെപി സംസ്ഥാന വ്യാപകമായി പ്രക്ഷോഭം ആരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. കേസില്‍ പ്രത്യേക അന്വേഷണ സംഘം തിങ്കളാഴ്ച കോടതിയില്‍ അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിക്കാനിരിക്കെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഇടപെടല്‍.
കേരളത്തിനകത്തും പുറത്തുമുള്ള കോടിക്കണക്കിനു അയ്യപ്പ ഭക്തരുടെ വിശ്വാസവുമായി ബന്ധപ്പെട്ടതാണ് വിഷയമെന്ന് രാജീവ് ചന്ദ്രശേഖര്‍ കത്തില്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഭംഗം വരുത്തുന്ന കാര്യങ്ങളാണ് നടക്കുന്നത്. സ്വര്‍ണക്കൊള്ള കൂടി നടന്നതോടെ വിശ്വാസികളുടെ ആശങ്ക വര്‍ധിച്ചുവെന്നും കത്തില്‍ പറയുന്നു. 2018ലെ ശബരിമല പ്രക്ഷോഭത്തില്‍ വിശ്വാസികള്‍ക്കെതിരെ എടുത്ത കേസുകള്‍ നിരുപാധികം പിന്‍വലിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ കത്തില്‍ ആവശ്യപ്പെട്ടു.
രണ്ടു വിഷയങ്ങളിലും പുതുതായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ സത്യസന്ധവും സമയബന്ധിതവുമായ തീരുമാനം എടുക്കുമെന്നാണ് വിശ്വാസികള്‍ പ്രതീക്ഷിക്കുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു.