ഉണ്ണികൃഷ്ണൻ പോറ്റി
തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശിൽപ്പത്തിന്‍റെ സ്വർണപ്പാളി നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റി ബംഗളൂരുവിൽ കോടികളുടെ ഭൂമിയിടപാടുകൾ നടത്തിയതായി പ്രത‍്യേക അന്വേഷണ സംഘത്തിന്‍റെ (എസ്ഐടി) കണ്ടെത്തൽ.
ഇതു സംബന്ധിച്ച രേഖകൾ എസ്ഐടി പിടിച്ചെടുത്തു. സ്വന്തം പേരിലും പങ്കാളിയുടെ പേരിലുമാണ് ഉണ്ണികൃഷ്ണൻ പോറ്റി ഭൂമിയും കെട്ടിടങ്ങളും രജിസ്റ്റർ ചെയ്തതെന്നാണ് സൂചന.
ഇതു കൂടാതെ ഉണ്ണികൃഷ്ണൻ പോറ്റി പലിശയ്ക്കും പണം നൽകിയതായും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. രമേശ് റാവുവിനെ മറയാക്കിയാണ് ഉണ്ണികൃഷ്ണൻ പോറ്റി പലിശയ്ക്ക് പണം നൽകിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
കഴിഞ്ഞ ദിവസം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ബംഗളൂരുവിലുള്ള ഫ്ലാറ്റിൽ എസ്ഐടി പരിശോധന നടത്തിയിരുന്നു. ഫ്ലാറ്റിൽ നിന്നും 176 ഗ്രാം സ്വർണാഭരണങ്ങളും ഭൂമിയിടപാട് നടത്തിയതിന്‍റെ രേഖകളും എസ്ഐടി പിടിച്ചെടുത്തിരുന്നു.