എ. പത്മകുമാർ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറിയും സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗവും കോന്നി മുൻ എംഎൽഎയുമായ എ. പത്മകുമാർ കേസിലെ മുഖ‍്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കട്ടിളപ്പാളികൾ കൊടുത്തുവിടാൻ നേരത്തെ തന്നെ ഇടപെടൽ നടത്തിയിരുന്നെന്ന് റിമാൻഡ് റിപ്പോർട്ട്.
2019ൽ ബോർഡിനു മുൻപിൽ പത്മകുമാർ വിഷയം അവതരിപ്പിച്ചെങ്കിലും അംഗങ്ങൾ എതിർത്തിരുന്നതായാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം കമ്മിഷണർ എൻ. വാസു പത്മകുമാറിനെതിരേ മൊഴി നൽകിയിരുന്നു.
ഉണ്ണികൃഷ്ണൻ പോറ്റിയുമായി പത്മകുമാറിന് അടുത്ത ബന്ധമുണ്ടെന്നായിരുന്നു വാസുവിന്‍റെ മൊഴി. കഴിഞ്ഞ ദിവസം എസ്ഐടി മേധാവി എസ്.പി. ശശിധരന്‍റെ നേതൃത്വത്തിൽ മണിക്കൂറുകൾ ചോദ‍്യം ചെയ്ത ശേഷമാണ് പത്മകുമാറിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വർണക്കൊള്ള കേസിൽ അറസ്റ്റിലാകുന്ന ആറാമത്തെയാളാണ് പത്മകുമാർ.