മണ്ഡല- മകരവിളക്ക് സീസണിൽ സന്നിധാനത്ത് എത്തിയത് 52 ലക്ഷത്തിലധികം ഭക്തർ

 
Kerala

മണ്ഡല- മകരവിളക്ക് സീസണിൽ സന്നിധാനത്ത് എത്തിയത് 52 ലക്ഷത്തിലധികം ഭക്തർ

മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് ചൊവ്വാഴ്ച സമാപനം

Aswin AM

തിരുവനന്തപുരം: 2025-26 വർഷത്തെ മണ്ഡല-മകരവിളക്ക് തീർഥാടനത്തിന് ചൊവ്വാഴ്ച സമാപനം. സർക്കാരിന്‍റെയും തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെയും വിവിധ വകുപ്പുകളുടെയും മാസങ്ങൾ നീണ്ട കൃത്യമായ ആസൂത്രണവും ഏകോപനവും കാര്യമായ പരാതികളില്ലാതെ തീർഥാടനം മുന്നോട്ടുകൊണ്ടുപോയെന്നാണ് വിലയിരുത്തുന്നത്.

52 ലക്ഷത്തിലധികം ഭക്തർ ഇക്കുറി ഇതുവരെ ദർശനം നടത്തിയപ്പോൾ, ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന വരുമാനമായ 435 കോടി രൂപ ലഭിച്ചു. ഇതിൽ അരവണ പ്രസാദത്തിലൂടെ മാത്രം 204 കോടിയും കാണിക്ക വഴി 118 കോടിയും ഇതുവരെ ലഭിച്ചു.

തീർഥാടനം ആരംഭിക്കുന്നതിന് മാസങ്ങൾക്ക് മുൻപേ മുഖ്യമന്ത്രിയുടെയും ദേവസ്വം വകുപ്പ് മന്ത്രിയുടെയും നേതൃത്വത്തിൽ അവലോകന യോഗം ചേർന്നു. പത്തോളം പ്രധാന യോഗങ്ങൾ സർക്കാർ തലത്തിൽ ചേരുകയും വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്തിരുന്നു. സന്നിധാനത്തെ പോലെ തന്നെ ഇടത്താവളങ്ങളായ ഏറ്റുമാനൂർ, എരുമേലി, ചെങ്ങന്നൂർ, പന്തളം എന്നിവിടങ്ങളിലും എംഎൽഎമാരുടെ അധ്യക്ഷതയിൽ പ്രത്യേക യോഗങ്ങൾ ചേർന്ന് സൗകര്യങ്ങൾ ഉറപ്പുവരുത്തി.

നിലയ്ക്കൽ, പമ്പ, സന്നിധാനം എന്നിവിടങ്ങളിലായി 2,600-ലധികം ടോയ്‌ലറ്റുകൾ സജ്ജമാക്കി. മുൻവർഷങ്ങളെ അപേക്ഷിച്ച് നിലയ്ക്കലിന് പുറമെ പമ്പ ഹിൽടോപ്പ്, ചക്കുപാലം എന്നിവിടങ്ങളിലും പാർക്കിങ് അനുവദിച്ചതോടെ വാഹനത്തിരക്ക് വലിയ തോതിൽ കുറയ്ക്കാൻ സാധിച്ചു.

നിലയ്ക്കലിൽ മാത്രം 10,500 വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമൊരുക്കി. ഭക്തരുടെ വിശ്രമത്തിനായി പമ്പയിൽ ജർമൻ പന്തലുകൾ ഉൾപ്പെടെ പുതിയ നടപ്പന്തലുകൾ സ്ഥാപിച്ചു. മൂവായിരം പേർക്ക് വിരിവയ്ക്കാവുന്ന താത്കാലിക സംവിധാനങ്ങളും ഒരുക്കിയിരുന്നു. 20 ലക്ഷത്തിലധികം ഭക്തർക്ക് സന്നിധാനത്ത് അന്നദാനം നൽകി. ഉച്ചയ്ക്ക് തീർഥാടകർക്ക് സദ്യ വിളമ്പിയത് ഇത്തവണത്തെ സവിശേഷതയായിരുന്നു. ക്യൂ നിൽക്കുന്ന ഭക്തർക്ക് ചൂടുവെള്ളം നൽകുന്നതിനായി ശരംകുത്തിയിലെ ബോയിലർ ശേഷി പതിനായിരം ലിറ്ററായി ഉയർത്തി പൈപ്പ് വഴി കിയോസ്‌കുകളിൽ വെള്ളമെത്തിച്ചു. ലഘുഭക്ഷണമായി 50 ലക്ഷം പാക്കറ്റ് ബിസ്‌ക്കറ്റും വിതരണം ചെയ്തു.

ആരോഗ്യ മേഖലയിൽ മികച്ച സേവനങ്ങളാണ് സർക്കാർ ഉറപ്പാക്കിയത്. സന്നിധാനത്ത് ഇസിജി, എക്കോ പരിശോധനകൾ ഉൾപ്പെടെയുള്ള വിദഗ്ദ്ധ ചികിത്സാ സൗകര്യങ്ങൾ സജ്ജമാക്കി. പമ്പയിലും സന്നിധാനത്തുമായി എഴുപതിലധികം കിടക്കകളുള്ള ആശുപത്രി സംവിധാനവും പമ്പ മുതൽ സന്നിധാനം വരെ 15 അടിയന്തര ചികിത്സാ കേന്ദ്രങ്ങളും പ്രവർത്തിച്ചു. നാല് ആംബുലൻസുകൾ തീർഥാടന പാതയിൽ സേവനമനുഷ്ഠിച്ചു. 18,741 പൊലീസ് ഉദ്യോഗസ്ഥരുടെ സേവനവും, വനം, അഗ്നിരക്ഷാസേന, ആരോഗ്യവകുപ്പ്, കെഎസ്ആർടിസി തുടങ്ങി 33 സർക്കാർ വകുപ്പുകളുടെ സംയുക്ത പ്രവർത്തനവുമാണ് ഇത്തവണത്തെ തീർഥാടനത്തെ സുഗമമാക്കിയത്.

ഇൻഡിഗോയ്ക്ക് 22.2 കോടി രൂപ പിഴ ചുമത്തി ഡിജിസിഎ

അണ്ടർ 19 ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേശിനെതിരേ ഇന്ത‍്യക്ക് ജയം

''സതീശൻ ഈഴവ വിരോധി''; സുധാകരനെ കെപിസിസി അധ‍്യക്ഷ സ്ഥാനത്ത് നിന്ന് നീക്കിയത് തെളിവാണെന്ന് വെള്ളാപ്പള്ളി

മുണ്ടക്കൈ- ചൂരൽമല ദുരിതബാധിതർക്ക് നൽകുന്ന സഹായം തുടരും; മാധ‍്യമ വാർത്തകൾ തെറ്റെന്ന് മന്ത്രി കെ. രാജൻ

ശബരിമല സ്വർണക്കൊള്ള: തന്ത്രിക്ക് വാജി വാഹനം കൈമാറിയത് ഹൈക്കോടതിയുടെ അറിവോടെ