ശബരിമല തീർഥാടനം; 5 ദിവസം കൊണ്ട് കെഎസ്ആർടിസിക്ക് റെക്കോഡ് വരുമാനം
പത്തനംതിട്ട: ശബരിമല തീർഥാടന കാലം തുടങ്ങിയതോടെ കെഎസ്ആർടിസിക്ക് നല്ലകാലമാണ്. കെഎസ്ആർടിസി പമ്പ ഡിപ്പോയിൽ 5 ദിവസത്തെ വരുമാനം 3 കോടി കടന്നു. ദിവസേന 60 ലക്ഷത്തിന് മുകളിലുള്ള വരുമാനം കഴിഞ്ഞ തവണത്തെക്കാൾ 20 ശതമാനം കൂടുതലാണെന്നാണ് കണക്കുകൾ.
ചെന്നൈ, ബെംഗളൂരു, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കുള്ള അന്തർ സംസ്ഥാന സർവീസുകളും കെഎസ്ആർടിസി ആരംഭിച്ചിട്ടുണ്ട്. പമ്പ, നിലയ്ക്കൽ ചെയിൻ സർവീസിനായി മാത്രം 170 ഓളം ബസുകൾ സർവീസ് നടത്തുന്നുണ്ട്.
തടസരഹിതമായ സർവീസിനായി പരിചയസമ്പന്നരായ ജീവനക്കാരെയാണ് ഈ ഡിപ്പോകളിൽ നിയമിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ സർവീസുകളുടെ എണ്ണം കൂടുമെന്നാണ് വിലയിരുത്തൽ. ഇതോടെ കൂടുതൽ ബസുകൾ പമ്പയിലേക്കെത്തിക്കാനാണ് കെഎസ്ആർടിസി ഒരുങ്ങുന്നത്.