പാലക്കാട്: സൈബർ ആക്രമണ പരാതി രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകി കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഇമെയിൽ മുഖാന്തരമാണ് പരാതി അയച്ചത്. രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പരാതി നൽകിയ അതിജീവിതയുടെ ചിത്രം പ്രചരിപ്പിച്ചെന്നാണ് സന്ദീപ് വാര്യർക്കെതിരായ കേസ്.
യുവതിയുടെ ഫോട്ടോ പങ്കുവച്ച സമയത്ത് യുവതി പരാതി നൽകിയിരുന്നില്ലെന്നാണ് സന്ദീപിന്‍റെ പ്രധാന വാദം. യുവതിയുടെ ഫോട്ടോ ദുരുപയോഗം ചെയ്യുന്നുവെന്ന് വ്യക്തമായതോടെ ചിത്രം നീക്കം ചെയ്തിരുന്നെന്നും സന്ദീപ് പറയുന്നു.
പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 5 പ്രതികളാണുള്ളത്. അതിൽ സന്ദീപ് വാര്യരും ഉൾപ്പെടുന്നു. കേസിലെ അഞ്ചാം പ്രതിയായ രാഹുൽ ഈശ്വറിനെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. അതിജീവിതയെ തിരിച്ചറിയുന്നവിധത്തിൽ പരാമർശം നടത്തി, സ്ത്രീത്വത്തെ അപമാനിച്ചു എന്നീ കുറ്റങ്ങളും ഐടി നിയമത്തിലെ വകുപ്പുകളും ഉൾപ്പെടുത്തിയാണ് കേസ്.