കൊച്ചി: സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസിൽ നടൻ ജയസൂര‍്യയെ എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റ് വീണ്ടും ചോദ‍്യം ചെയ്തേക്കും. സേവ് ബോക്സ് ആപ്പിന്‍റെ ബ്രാൻഡ് അംബാസിഡറായ ജയസൂര‍്യയ്ക്ക് ലഭിച്ചത് കുറ്റകൃത‍്യത്തിൽ നിന്നുള്ള പണമാണെന്ന നിഗമനത്തിലാണ് ഇഡി.
ജയസൂര‍്യയും സേവ് ബോക്സ് ആപ്പ് ഉടമ സ്വാതിഖ് റഹീമും തമ്മിലുള്ള മറ്റു സാമ്പത്തിക ഇടപാടുകളും ഇഡി അന്വേഷിക്കും. എന്നാൽ പരസ‍്യത്തിൽ അഭിനയിക്കുക മാത്രമാണ് താൻ ചെയ്തതെന്നും സ്വാതിഖ് റഹീമുമായുള്ളത് ബ്രാൻഡ് അംബാസിഡർ ബന്ധം മാത്രമാണെന്നുമാണ് ജയസൂര‍്യയുടെ മൊഴി.
അഭിനയിക്കുന്നതിന് കരാർ പ്രകാരം ലഭിക്കേണ്ട തുക ലഭിച്ചില്ലെന്നും സേവ് ബോക്സ് ആപ്പിൽ മറ്റ് സാമ്പത്തിക ഇടപാടുകളൊന്നും ഇല്ലെന്നുമാണ് ജയസൂര‍്യ പറയുന്നത്. രണ്ട് വർഷം മുൻപ് ഏറെ വിവാദമായ കേസാണ് സേവ് ബോക്സ് ആപ്പ് തട്ടിപ്പ് കേസ്. ഓൺലൈൻ ലേല ആപ്പ് ആയ സേവ് ബോക്സിന്‍റെ പേരിൽ വൻ തട്ടിപ്പ് നടന്നതായി മുൻപ് കണ്ടെത്തിയിരുന്നു.
ഇതിൽ ജയസൂര്യയെ രണ്ടാം തവണയാണ് ചോദ്യം ചെയ്യുന്നത്. സേവ് ബോക്സ് എന്ന പേരിൽ വിവിധ ഇടങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾ തുടങ്ങാമെന്ന പേരിൽ പലരിൽ നിന്നായി ലക്ഷങ്ങൾ തട്ടിയെടുത്തെന്ന സംഭവത്തിൽ തൃശൂർ സ്വദേശി സ്വാതിഖ് റഹീമിനെതിരേ പൊലീസ് കേസെടുത്തിരുന്നു.