ഷഫീക്ക്
കോഴിക്കോട്: വാഹന പരിശോധനയ്ക്കിടെ പൊലീസിനെ കണ്ട് താമരശേരി ചുരത്തിൽ നിന്നു കൊക്കയിലേക്ക് ചാടിയ ആളെ ഇതുവരെ കണ്ടെത്താനായില്ല. മലപ്പുറം തിരൂരങ്ങാടി സ്വദേശി ഷഫീക്കാണ് കഴിഞ്ഞ ദിവസം താമരശേരി ചുരത്തിന്‍റെ ഒമ്പതാം വളവിൽ നിന്നു കൊക്കയിലേക്ക് ചാടിയത്.
പരിശോധനയിൽ ഇയാള്‍ സഞ്ചരിച്ച കാറില്‍ നിന്നും 3 പാക്കറ്റ് എംഡിഎംഎ കണ്ടെത്തി. ഇയാളുടെ ബന്ധുവിന്‍റെ വാഹനമാണ് ഇതെന്നും ഉടമയെ തിരിച്ചറിഞ്ഞതായും പൊലീസ് അറിയിച്ചു. ഷഫീഖിനെ കണ്ടെത്താൻ സ്ഥലത്ത് ഫയർഫോഴ്സും പൊലീസും പരിശോധന നടത്തുകയാണ്. ഡ്രോൺ ഉപയോഗിച്ചും ചുരത്തിൽ പരിശോധന നടക്കുന്നുണ്ട്.
അതേസമയം, കാർ വെട്ടിപ്പൊളിച്ച് പരിശോധിക്കാനാണ് തീരുമാനമെന്നും രഹസ്യ അറകളുണ്ടാക്കി എംഡിഎംഎ സൂക്ഷിച്ചിരിക്കാൻ സാധ്യതകളുണ്ടെന്നും പൊലീസ് പറയുന്നു. മുൻപും എംഡിഎംഎ കേസിൽ പ്രതിയായ ഇയാൾ വയനാട്ടിലേക്ക് ലഹരി കടത്താൻ ശ്രമിക്കുന്നതിനിടെയാണ് പരിശോധനാ സംഘത്തിനു മുന്നിൽ പെട്ടതെന്നുമാണ് പൊലീസിന്‍റെ കണ്ടെത്തൽ.