രഞ്ജിത്

 
Kerala

ലൈംഗികാതിക്രമ കേസ്: സംവിധായകൻ രഞ്ജിത്തിനെ കസ്റ്റഡിയിൽ വേണം, ആവശ‍്യവുമായി എസ്ഐടി

നേരത്തെ കസ്റ്റഡി കാലയളവിൽ രഞ്ജിത് ചോദ‍്യം ചെയ്യലിനോട് പ്രതികരിച്ചില്ലെന്നാണ് എസ്ഐടി പറയുന്നത്

Aswin AM

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ നിലവിൽ റിമാൻഡിൽ കഴിയുന്ന സംവിധായകൻ രഞ്ജിത്തിനെ രണ്ടു ദിവസം കൂടി കസ്റ്റഡിയിൽ‌ വേണമെന്ന ആവശ‍്യവുമായി പ്രത‍്യേക അന്വേഷണ സംഘം. നേരത്തെ കസ്റ്റഡി കാലയളവിൽ രഞ്ജിത് ചോദ‍്യം ചെയ്യലിനോട് പ്രതികരിച്ചില്ലെന്നാണ് എസ്ഐടി പറയുന്നത്.

ബുധനാഴ്ചയോടെ രഞ്ജിത്തിനെ എറണാകുളം ജുഡീഷ‍്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ബുധനാഴ്ച തന്നെ പൊലീസിന്‍റെ കസ്റ്റഡി അപേക്ഷയും പരിഗണിക്കും. ജനുവരി 9ന് ഫോര്‍ട്ട് കൊച്ചിയിൽ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ സെറ്റിലെ കാരവനില്‍ വച്ച് തന്നെ അദ്ദേഹം ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്നാണ് യുവ നടിയുടെ പരാതി.

സംഭവത്തിന് പിന്നാലെ നടി വലിയ മാനസികാഘാതത്തിലായിരുന്നു. പരാതി പൊലീസിലെത്താതിരിക്കാന്‍ രഞ്ജിത്തും സുഹൃത്തുക്കളും വലിയ രീതിയില്‍ ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ നടത്തിയെങ്കിലും നടി വഴങ്ങിയില്ല. കൗണ്‍സിലിങ്ങിനു ശേഷം സാധാരണ നിലയിലേക്ക് മടങ്ങി വന്ന നടി നിയമപോരാട്ടവുമായി മുന്നോട്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു.

ഗുരുതരമായ വകുപ്പുകളാണ് രഞ്ജിത്തിനെതിരേ ചുമത്തിയത്. അറസ്റ്റ് നടപടികള്‍ക്ക് മുന്നോടിയായി രാത്രി ഒരുമണിയോടെ വൈദ്യപരിശോധനയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ രഞ്ജിത്തിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടു.

പരിശോധനയില്‍ രക്തസമ്മര്‍ദം ഉയര്‍ന്നതായും ഇസിജിയില്‍ വ്യതിയാനമുള്ളതായും കണ്ടെത്തിയതിനെത്തുടര്‍ന്ന് ചികിത്സ നൽകി. രാവിലെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു. അതിന് ശേഷം നോര്‍ത്ത് വനിതാ പൊലീസ് സ്‌റ്റേഷനില്‍ എത്തിച്ച് അറസ്റ്റും രേഖപ്പെടുത്തി. തുടർന്ന് റിമാൻഡ് ചെയ്ത് എറണാകുളം ജയിലിലേക്ക് അയക്കുകയായിരുന്നു.

ദേവാസുരം മുതൽ ഒട്ടേറെ പ്രശസ്തമായ സിനിമകളുടെ പിന്നണിക്കാരനാണ് രഞ്ജിത്ത്. രാവണ പ്രഭു എന്ന സിനിമ സംവിധാനം ചെയ്തതിലൂടെ രാവണ പ്രഭു എന്ന പേരിൽ അറിയപ്പെട്ടു. മലയാള സിനിമയെ തന്നെ നിയന്ത്രിച്ച പ്രധാനികളില്‍ ഒരാളാണ് അകത്തായത്. മാനഭംഗം, ലൈംഗിക അതിക്രമം, തടഞ്ഞുവയ്ക്കല്‍, അശ്ലീല ആംഗ്യങ്ങള്‍ കാണിക്കല്‍ തുടങ്ങിയ ഗൗരവകരമായ വകുപ്പുകളാണ് രഞ്ജിത്തിനെതിരേ ചുമത്തിയിരിക്കുന്നത്. നേരത്തേ രഞ്ജിത്തിനെതിരേ രണ്ടു പീഡന പരാതികള്‍ ഉയര്‍ന്നിരുന്നു.

"പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്‍റെ കഥ' എന്ന സിനിമയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കിടെ ബംഗാളി നടിയോട് അപമര്യാദയായി പെരുമാറി എന്നായിരുന്നു ആദ്യ പരാതി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിനെ തുടര്‍ന്നുള്ള ആദ്യ വെളിപ്പെടുത്തലുകളിലൊന്നായിരുന്നു ഇത്. തുടര്‍ന്നു കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തു നിന്ന് രഞ്ജിത്തിന് രാജിവയ്‌ക്കേണ്ടി വന്നു. കടുത്ത ഇടതു സഹയാത്രികനായാണ് രഞ്ജിത്ത് അറിയപ്പെട്ടത്. അതിനാൽ പീഡന കേസുകള്‍ വന്നത് സിപിഎമ്മിന് അടക്കം നാണക്കേടായി

അതിർത്തി കാക്കാൻ ഇനി സ്മാർട്ട് ബോർഡർ പദ്ധതി

സൺറൈസേഴ്സ് ബാറ്റിങ് വിസ്ഫോടനം; പക്ഷേ, ആർസിബി തന്നെ ഒന്നാമത്

പേഴ്സണൽ സ്റ്റാഫിനു പെൻഷൻ: സർവീസ് പരിധി ഉയർത്തി

വൈദ്യുതി നിയന്ത്രണം തിങ്കളാഴ്ച വരെ തുടരും

എബോള പ്രതിരോധം: കേരളത്തിലും മാർഗനിർദേശങ്ങൾ