Kerala

നവജാതശിശുക്കളുടെ  ‘ശലഭം’ പദ്ധതി: നടത്തിയത് 19 ലക്ഷം പരിശോധനകൾ

തീർത്തും സൗജന്യമായാണു പദ്ധതിയുടെ ഭാഗമായുള്ള എല്ലാ പരിശോധനകളും നടത്തുന്നത്

നവജാതശിശുക്കളുടെ സമഗ്ര ആരോഗ്യ പരിശോധനയ്ക്കായി ആരോഗ്യ വകുപ്പ് ആവിഷ്‌കരിച്ച ‘ശലഭം’ പദ്ധതിയിലൂടെ ഇതുവരെ നടത്തിയത് 19 ലക്ഷം പരിശോധനകൾ. സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ജനിക്കുന്ന കുഞ്ഞുങ്ങളെ സമഗ്ര ആരോഗ്യ പരിശോധനയ്ക്ക് വിധേയമാക്കി രോഗമോ വൈകല്യമോ ഉണ്ടെങ്കിൽ കണ്ടെത്തുകയും ചികിത്സ ഉറപ്പാക്കി ആരോഗ്യപൂർണമായ ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുകയും ചെയ്യുകയെന്നതാണു പദ്ധതിയുടെ ലക്ഷ്യം. തീർത്തും സൗജന്യമായാണു പദ്ധതിയുടെ ഭാഗമായുള്ള എല്ലാ പരിശോധനകളും നടത്തുന്നത്.

ഇതുവരെ 19,12,780 പരിശോധനകൾ ‘ശലഭ’ത്തിന്‍റെ ഭാഗമായി നടത്തി. ജനിച്ച് ഉടനെയും പിന്നീടും ആശുപത്രികളിൽ നടത്തുന്ന സ്‌ക്രീനിംഗ് വഴി 1,27,054 പരിശോധനകളും ഫീൽഡ് തലത്തിൽ നടത്തുന്ന ആർ.ബി.എസ്.കെ. സ്‌ക്രീനിംഗ് വഴി 17,85,726 പരിശോധനകളും പൂർത്തിയാക്കി. കുഞ്ഞ് ജനിച്ച് 24 മണിക്കൂറിനുള്ളിൽ നടത്തുന്ന ജനന വൈകല്യ പരിശോധന, ജനിതകപരമോ ഹോർമോൺ സംബന്ധമായോ ഉള്ള അപാകത കണ്ടെത്തുന്നതിനുള്ള മെറ്റബോളിക് സ്‌ക്രീനിംഗ് (ഐ.ഇ.എം.), പൾസ് ഓക്സിമെട്രി സ്‌ക്രീനിംഗ്, ശ്വാസകോശത്തിന്‍റെയും ഹൃദയത്തിന്‍റെയും പ്രവർത്തനങ്ങൾ പരിശോധിക്കുന്ന ഫങ്ഷണൽ  സ്‌ക്രീനിങ്, കാഴ്ച പരിശോധനയ്ക്കുള്ള ആർ.ഒ.പി. സ്‌ക്രീനിങ്, കേൾവി പരിശോധിക്കുന്നതിനുള്ള ഓട്ടോ എക്വസ്റ്റിക്ക് എമിഷൻ സ്‌ക്രീനിങ്(ഒ.എ.ഇ.), ന്യൂറോ ഡെവലപ്പ് മെന്‍റൽവൈകല്യങ്ങൾ തിരിച്ചറിയുന്നതിനുള്ള സ്‌ക്രീനിങ് എന്നിവ പദ്ധതിയിലൂടെ സൗജന്യമായി ലഭ്യമാകും.

1,23,515 നവജാത ശിശുക്കളിൽ നടത്തിയ ദൃശ്യമായ ജനന വൈകല്യ പരിശോധനയിൽ 4,629 കുട്ടികൾക്ക് വൈകല്യ സാധ്യത സ്ഥിരീകരിച്ചു. 1,21,100 കുട്ടികളിൽ നടത്തിയ പൾസ് ഓക്സിമെട്രി സ്‌ക്രീനിങ്ങിൽ 835 പേർക്കും 1,24,319 കുട്ടികളിൽ നടത്തിയ ഹൃദയ ശാരീരിക പരിശോധനയിൽ 4,761 പേർക്കും വൈകല്യ സാധ്യത കണ്ടെത്തി. കേൾവി പരിശോധനയ്ക്കുള്ള ഓട്ടോ എക്വസ്റ്റിക്ക് എമിഷൻ സ്‌ക്രീനിങ് (ഒ.എ.ഇ.) വഴി 1,00,628 പരിശോധനകൾ നടത്തിയതിൽ 6,716 കുട്ടികളിൽ കേൾവി വൈകല്യ സാധ്യത കണ്ടെത്തി. ജന്മനായുളള മെറ്റബോളിക് അസുഖങ്ങൾ കണ്ടെത്തുന്നതിന് നടത്തുന്ന 1,15,958 ഐ.ഇ.എം. പരിശോധനയിൽ 2,155 കുട്ടികളിൽ വൈകല്യ സാധ്യതയും കണ്ടെത്തി. ഇവർക്ക് ബന്ധപ്പെട്ട ചികിത്സാ വിഭാഗങ്ങളിലുള്ള തുടർ ചികിത്സയും പദ്ധതി മുഖേന ഉറപ്പാക്കിയിട്ടുണ്ട്.

ആശുപത്രികളിലും ഫീൽഡ് തലത്തിലും പീഡിയാട്രിഷ്യന്‍റെയോ മെഡിക്കൽ ഓഫിസറുടേയോ നേതൃത്വത്തിലാണു പരിശോധനയ്ക്കുള്ള മെഡിക്കൽ സംഘം പ്രവർത്തിക്കുന്നത്. ഫീൽഡ് തലത്തിൽ നടക്കുന്ന ആർ.ബി.എസ്.കെ. സ്‌ക്രീനിങ്ങിനായി 1,174 നഴ്സുമാരെയാണു സംസ്ഥാനത്തു നിയോഗിച്ചിട്ടുള്ളത്.

കൂടൽമാണിക്യം കഴകം: അനുരാഗും അമ്മയും പ്രതികരിക്കുന്നു | Video

കർശന നടപടി സ്വീകരിക്കണം; നേതാക്കൾക്കെതിരായ സൈബർ ആക്രമണത്തിൽ കെപിസിസി

ലൈംഗികാതിക്രമ കേസിൽ നീലലോഹിതദാസൻ നാടാരെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

സ്ഥാപനത്തിനെതിരേ അപകീർത്തികരമോ വ്യാജമോ ആയ ഉള്ളടക്കങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരേ നിയമനടപടി; ഐഐടി

സാലി സാംസൺ ക‍്യാപ്റ്റൻ; ഒമാൻ പര‍്യടനത്തിനുള്ള ടീമായി