ഷോൺ ജോർജ്
തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ സഞ്ചരിക്കുമ്പോഴുണ്ടായ ദുരനുഭവം പങ്കുവച്ച് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. താൻ കെഎസ്ആർടിസി ബസിൽ സഞ്ചരിപ്പിച്ചപ്പോൾ തീപിടിക്കുന്ന സാഹചര്യമുണ്ടായെന്നും നാലോളം കെഎസ്ആർടിസി ബസുകളിലെ ഫയർ എക്സ്റ്റിംഗ്വിഷറുകൾ പ്രവർത്തിച്ചില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഗണേഷ് കുമാർ ഈ വിഷയത്തിൽ ഇടപെട്ട് മുഴുവൻ വണ്ടികളിലെയും ഫയർ എക്സ്റ്റിംഗ്വിഷർ സംവിധാനം പരിശോധിക്കുകയും അത് പുനസ്ഥാപിക്കുന്നതിനുമായുള്ള നടപടി സ്വീകരിക്കുകയും വേണമെന്നും ഇല്ലെങ്കിൽ ഇത്തരം സാഹചര്യത്തിൽ വലിയ അപകടത്തിലേക്ക് നയിക്കുമെന്നും ഷോൺ ജോർജ് ഫെയ്സ് ബുക്കിൽ കുറിച്ചു.
ഫെയ്സ്ബുക്ക് പോസ്റ്റ്...
ബഹുമാനപ്പെട്ട ഗതാഗതവകുപ്പ് മന്ത്രി ഗണേഷ് കുമാറിന്‍റെ ശ്രദ്ധയ്ക്ക്.
ഞാൻ തിരുവനന്തപുരത്ത് നിന്നും നാട്ടിലേക്ക് യാത്ര ചെയ്യുമ്പോൾ വട്ടപ്പാറയ്ക്ക് സമീപത്തുവച്ച് ഒരു കെഎസ്ആർടിസി ബസിന് തീപിടിക്കുന്ന സാഹചര്യമുണ്ടായി . ആ കെഎസ്ആർടിസി ബസ്സിൽ ഉണ്ടായിരുന്ന ഫയർ എസ്റ്റിങ്യൂഷർ വെച്ച് തുടക്കത്തിൽ ആളിക്കത്തുന്ന തീ ഒരു പരിധിവരെ നിയന്ത്രിക്കാൻ സാധിച്ചു. എന്നാൽ തീ വീണ്ടും പടർന്നു ദൈവാനുഗ്രഹം കൊണ്ട് ആ വണ്ടിയിലെ ആളുകൾക്കാർക്കും പരിക്കേൽക്കാതെ ഡ്രൈവറും കണ്ടക്ടറും നാട്ടുകാരും ചേർന്ന് എല്ലാവരെയും സുരക്ഷിതമായി പുറത്തിറക്കിയിരുന്നു. പക്ഷേ തീ വീണ്ടും പടർന്ന് വണ്ടി തന്നെ മുന്നോട്ടു പോകുന്ന സാഹചര്യമുണ്ടായി അതിനുശേഷം അവിടെ വന്ന നാല് കെഎസ്ആർടിസി ബസ്സിൽ നിന്നും ഫയർ എസ്റ്റിങ്യൂഷർ എടുത്ത് തീ അണക്കാൻ ഞങ്ങൾ ശ്രമിച്ചെങ്കിലും ആവ നാലും പ്രവർത്തനരഹിതമായിരുന്നു. അതിൽ ഫയർ എസ്റ്റിങ്യൂഷ് മെറ്റീരിയൽ ഇല്ലായിരുന്നു. ഗണേശേട്ടൻ ഈ വിഷയത്തിൽ ഇടപെട്ട് മുഴുവൻ വണ്ടികളിലെയും ഫയർ എസ്റ്റിങ്യൂഷർ സംവിധാനം പരിശോധിക്കുകയും അത് പുനസ്ഥാപിക്കുന്നതിനുമായുള്ള നടപടി സ്വീകരിക്കണം , ഇല്ലെങ്കിൽ ഇത്തരം സാഹചര്യത്തിൽ വലിയ അപകടത്തിലേക്ക് നയിക്കും .