ഷോൺ ജോർജ്

 
Kerala

ഭൂ പതിവ് നിയമ ഭേദഗതി ഇടുക്കി ജില്ലയിൽ വലിയ ആഘാതമുണ്ടാക്കും; ഷോൺ ജോർജ്

കുടിയേറ്റക്കാരെ വീണ്ടും കയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന നിലപാടാണ് സർക്കാരിൻ്റേത്

കോട്ടയം: ഭൂ പതിവ് നിയമ ഭേദഗതി ചട്ടങ്ങളുടെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നൽകിയതോടെ ഇടുക്കി ജില്ലയിലെ കർഷകരെയടക്കം ഇത് വലിയ പ്രശ്നത്തിലേക്ക് നയിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ ഷോൺ ജോർജ്. ജില്ലയിൽ നിർമാണ നിരോധനം തുടരുന്ന സാഹചര്യത്തിൽ ഇത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. ഇടുക്കിയുടെ വ്യാപാര വ്യവസായ, ടൂറിസം മേഖലയെയും നിയമ ഭേദഗതി അപ്പാടെ തകർക്കുമെന്നും അദ്ദേഹം പറഞ്ഞു.

കുടിയേറ്റക്കാരെ വീണ്ടും കയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന നിലപാടാണ് സർക്കാരിൻ്റേത്. ഇനി മുതൽ പഞ്ചായത്തിന്‍റെ അനുമതി പോരാ. റവന്യൂ വിഭാഗത്തിൽ നിന്ന് ഗവ. ഓർഡർ ഉണ്ടെങ്കിൽ മാത്രം ഭൂമിയിൽ വീട് വയ്ക്കുക എന്നത് എങ്ങനെ സാധ്യമാകും. ഈ വിഷയത്തിൽ സംസ്ഥാന സർക്കാർ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും സ്വീകരിച്ച നിലപാടാണ് ഇപ്പോഴത്തെ അവസ്ഥയിലേക്ക് എത്തിച്ചത്. ഇടുക്കി ജില്ലയിൽ ഒരു നിർമാണ പ്രവർത്തനം നടത്തേണ്ടതുണ്ടെങ്കിൽ സർക്കാർ അനുമതി കിട്ടാൻ ഇടതു സംഘടനാ ഓഫീസുകളിൽ നിന്നുള്ള പ്രതിഷേധം ഉണ്ടാകാതെ നോക്കണമെന്നും ഇത് വലിയ അഴിമതിക്ക് കളമൊരുക്കുമെന്നും ഷോൺ ആരോപിച്ചു.

ഇവിടെ 2024 ജൂൺ 7 വരെയുള്ള നിർമാണങ്ങൾക്കാണ് ഇപ്പോ ഫീസടച്ചുകൊണ്ട് റെഗുലറൈസ് ചെയ്യാമെന്ന് സർക്കാർ നിയമഭേദഗതിയിലൂടെ പറഞ്ഞിട്ടുള്ളത്. അതിൽ 3000 സ്ക്വയർ ഫീറ്റ് വരെയുള്ള വീടുകൾക്ക് മാത്രമാണ് ഭൂനികുതിയുടെ അടിസ്ഥാന വിലയിൽ അപേക്ഷ കൊടുത്താൽ കിട്ടുന്നത്. എന്നാൽ 3000 മുതൽ 4000 സ്ക്വയർ ഫീറ്റ് വരെയുള്ളവർ 10ശതമാനവും, 5000ന് മുകളിൽ 20 ശതമാനവും 10000 വരെ 30% വും, 30,000ന് മുകളിൽ ശതമാനവും നികുതി ഏർപ്പെടുത്തുന്നതാണ് പുതിയ ചട്ടം. ഇത് ഇടുക്കിയുടെ വ്യാപാര- വ്യവസായ- ടൂറിസം മേഖലയെ അപ്പാടെ തകർക്കുമെന്നും ഷോൺ പറഞ്ഞു.

ഭൂമി പതിച്ചു നൽകി 1964 ൽ ചട്ടം രൂപീകരിച്ചപ്പോൾ വീടുകൾ നിർമിക്കുന്നതിനും കൃഷി ചെയ്യുന്നതിനും വഴി നിർമിക്കുന്നതിനുമാണ് വ്യവസ്ഥ ചെയ്തിട്ടുണ്ടായിരുന്നത്. കാലം കടന്നു പോയപ്പോൾ, ആവശ്യങ്ങൾ വർധിച്ചപ്പോൾ അവിടെ ആശുപത്രികൾ ഉണ്ടായി സ്കൂളുകൾ ഉണ്ടായി, സർക്കാർ സ്ഥാപനങ്ങൾ ഉണ്ടായി. ഇതൊക്കെ ഉണ്ടായപ്പോൾ കാലാനുസൃതമായി നിയമത്തെ ഭേദഗതി ചെയ്യാൻ സർക്കാർ തയ്യാറായില്ല. ഇപ്പോൾ ഈ പ്രശ്നം പരിഹരിച്ചു എന്നു പറയുന്ന ഇടത് സർക്കാർ ഈ പ്രശ്നം ആരാണ് തുടങ്ങിവച്ചതെന്ന് കൂടി പറയണം. 2016ൽ വെള്ളത്തൂവൽ പഞ്ചായത്തിൽ ഒരു റിസോർട്ട് നിർമാണവുമായി ബന്ധപ്പെട്ടാണ് ഈ പ്രശ്നങ്ങളുടെ തുടക്കം. അതിനുശേഷം സർക്കാർ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും എടുത്ത നിലപാടുകളാണ് ഈ വിഷയത്തെ ഇത്രയേറെ സങ്കീർണമാക്കിയത്. ഇടുക്കി അപ്പാടെയുള്ള ഇടങ്ങളിൽ നിർമാണ നിരോധനത്തിലേക്ക് വരെ സുപ്രീം കോടതിയുടെ വിധി വരുന്ന സാഹചര്യമുണ്ടാക്കിയതും സർക്കാർ നിലപാടുകളാണ്. ആ വിഷയം ഉണ്ടാക്കിയതിനുശേഷം ഇപ്പോൾ തങ്ങൾ ആ വിഷയം പരിഹരിക്കുകയാണെന്ന് അവർ പറയുകയാണെന്നും ഷോൺ ജോർജ് ആരോപിച്ചു.

കേരള കോൺഗ്രസ് മാണി വിഭാഗം അടക്കമുള്ളവർ ഇതിൻ്റെ പ്രത്യാഘാതങ്ങൾ മനസിലാക്കാതെയാണ് വിഷയത്തെ അനുകൂലിക്കുന്നത്. ജോസ് കെ. മാണി വിഡ്ഢിയാണെന്നും കെ.എം. മാണി എഴുതിയ അധ്വാനവർഗ സിദ്ധാന്തം ജോസ് കെ. മാണി വായിക്കണമെന്നും ഷോൺ പറഞ്ഞു. ഈ റൂൾ പഠിച്ച് ഇത് ഇടുക്കിക്ക് ഗുണമോ ദോഷമോ എന്ന് ജോസ് കെ മാണി പറയണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടു നടത്തിയ തട്ടിപ്പ് ആണ് ഇപ്പോൾ ഉണ്ടായത്. നിയമത്തിൽ ഭേദഗതി വരുത്തിയില്ലെങ്കിൽ വലിയ സമരപരിപാടികൾ ബിജെപി നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കോട്ടയം ജില്ലാ പ്രസിഡൻ്റ് ലിജിൻ ലാലും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

താമരശേരി ചുരം ഉടൻ ഗതാഗത യോഗ്യമാക്കണം; നിതിൻ ഗഡ്കരിയോട് ആവശ്യപ്പെട്ട് പ്രിയങ്ക

കണ്ണൂരിൽ ദമ്പതികളെ പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തി

"രാജ‍്യത്തിന്‍റെ പാരമ്പര‍്യവും നേട്ടങ്ങളും വിദ‍്യാർഥികളെ പഠിപ്പിക്കണം": മോഹൻ ഭാഗവത്

കേരളത്തിന്‍റെ ആത്മീയതയും ഭക്തിയും ഒരു രാഷ്ട്രീയ പാർട്ടിയുടെയോ വ്യക്തിയുടെയോ കുത്തകയല്ല: ശിവൻകുട്ടി

നോയിഡയിലെ സ്ത്രീധന പീഡനം; യുവതിയുടെ മരണത്തിൽ വഴിത്തിരിവ്