ദിശാസൂചന ഫലകത്തിലെ ലോഹപാളി അടർന്നു വീണു, സ്കൂട്ടർ യാത്രികന്‍റെ കൈപ്പത്തി അറ്റുതൂങ്ങി
കൊല്ലം: ദിശാസൂചക ഫലകത്തിന്റെ ലോഹപാളി വീണ് സ്കൂട്ടർ യാത്രക്കാരന്‍റെ കൈപ്പത്തി അറ്റു തൂങ്ങി. എംസി റോഡിൽ സ്ഥാപിച്ചിരുന്ന ഭീമൻ ദിശാസൂചന ഫലകമാണ് അപകടമുണ്ടാക്കിയത്. ഗുരുതരമായി പരുക്കേറ്റ കുടവട്ടൂർ അനന്തുവിഹാറിൽ മുരളീധരൻപിള്ള (57)യെ തിരുവനന്തപുരത്തെ സൂപ്പർ സ്പെഷ്യൽറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം കൊട്ടാരക്കര കുന്നക്കരയിലാണ് സംഭവം. കൊട്ടാരക്കര കുന്നക്കരയിലാണ് സംഭവം. കെഎസ്എഫ്ഇയുടെ കലക്‌ഷൻ ഏജന്റായ മുരളീധരൻപിള്ള ജോലി കഴിഞ്ഞു മടങ്ങി വരുമ്പോൾ കൂറ്റൻ തൂണുകളിൽ സ്ഥാപിച്ചിരുന്ന ലോഹപാളി അടർന്നു ശരീരത്തിൽ വീഴുകയായിരുന്നു. സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു. ലോഹപാളി വീണ് കൈകൾ അറ്റ നിലയിലായിരുന്നു. കൂടാതെ വിരലുകൾക്കും ഗുരുതരമായി പരിക്കേറ്റു.
മുറിവേറ്റു രക്തത്തിൽ കുളിച്ചുകിടന്ന മുരളീധരൻപിള്ളയെ ഓട്ടോറിക്ഷ ഡ്രൈവറാണ് താലൂക്ക് ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നു തിരുവനന്തപുരത്തെ ആശുപത്രിയിലേക്ക് മാറ്റി. വർഷങ്ങളായി അപകടാവസ്ഥയിലായിരുന്നു ബോർഡ്. മുരളീധരൻപിള്ള കൊട്ടാരക്കര പൊലീസിൽ പരാതി നൽകി.