മിഥുന്‍
കൊല്ലം: തേലവക്കര സ്‌കൂള്‍ വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഡിജിഇ (ഡയറക്റ്ററേറ്റ് ജനറൽ ഓഫ് എജ്യുക്കേഷൻ) അന്തിമ റിപ്പോര്‍ട്ട് കൈമാറി. സുരക്ഷ ഉറപ്പാക്കാന്‍ സാധിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. സുരക്ഷാ പ്രോട്ടോക്കോള്‍ ഒന്നും ഉറപ്പാക്കിയിട്ടില്ല. സംഭവത്തില്‍ ഹെഡ്മാസ്റ്ററുടെ വീഴ്ചയെ പറ്റിയും റിപ്പോര്‍ട്ടില്‍ പറയുന്നു.
ലൈന്‍ അപകടാവസ്ഥയിലായിട്ട് വര്‍ഷങ്ങളായി. സ്കൂളിലെ അനധികൃത നിർമാണം തടയാനും സാധിച്ചിട്ടില്ല. സംഭവത്തിൽ സ്കൂളിനും കെഎസ്‍ഇബിക്കും പഞ്ചായത്തിനും ഗുരുതരവീഴ്ചയാണ് സംഭവിച്ചിരിക്കുന്നത്. കാലങ്ങളായി വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നിട്ടും ആരും അനങ്ങിയില്ല.
അപായ ലൈനിന് താഴെ സ്കൂൾ ഷെഡ് പണിയാൻ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നത്. ഈ വർഷം സ്കൂളിന് ഫിറ്റ്നസ് നൽകിയതും മതിയായ പരിശോധന ഇല്ലാതെയാണെന്ന് കണ്ടെത്തി. അതേസമയം, സംഭവത്തിൽ പ്രധാന അധ്യാപകനെതിരേ അടക്കം നടപടി വരും.