പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ 
Kerala

വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ച സംഭവം: കെഎസ്ഇബി ഉൾപ്പെടെയുളളവർക്ക് പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ്

മന്ത്രി ജെ. ചിഞ്ചുറാണിക്കെതിരേയും വി.ഡി. സതീശൻ രൂക്ഷവിമർശനം ഉന്നയിച്ചു.

കൊല്ലം: തേലവക്കര സ്‌കൂള്‍ വിദ്യാര്‍ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കെഎസ്ഇബി ഉൾപ്പെടെ എല്ലാവർക്കും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വൈദ്യുതി ലൈൻ തൊട്ടുമുകളിലൂടെ പോകുന്ന സ്‌കൂളിന് എങ്ങനെയാണ് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും അദ്ദേഹം ചോദിച്ചു.

വിദ്യാർഥിയുടെ മരണത്തിൽ വിവാദ പരാമർശം നടത്തിയ മന്ത്രി ജെ. ചിഞ്ചുറാണിക്കെതിരേയും അദ്ദേഹം രൂക്ഷവിമർശനം ഉന്നയിച്ചു. ഷോക്കേറ്റ് മരിച്ച കുട്ടിയെ കുറ്റവാളിയാക്കിയ മന്ത്രിയാണ് സൂംബാ ഡാൻസ് കളിച്ചത്. ഇവർക്കൊന്നും മനഃസാക്ഷിയില്ലേ എന്നും അദ്ദേഹം ചോദിച്ചു. മന്ത്രിമാരുടെ നാവ് നിയന്ത്രിക്കാൻ മുഖ്യമന്ത്രി തയ്യാറാകാണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കുട്ടി മുകളിൽ കയറിയെന്നാണ് മന്ത്രി ചിഞ്ചുറാണി പറഞ്ഞത്. കുട്ടികൾ കയറുന്നത് സ്വാഭാവികമാണ്. കുട്ടിയുടെ കുഴപ്പമാണ് എന്നത് പുതിയ കണ്ടുപിടിത്തമാണ്. ഇതാണ് നമ്മുടെ മന്ത്രിസഭയിലെ മന്ത്രിമാര്‍. ഓരോ മരണത്തിന്‍റെയും ഉത്തരവാദിത്വത്തില്‍ നിന്ന് ഈ മന്ത്രിമാര്‍ ഒഴിഞ്ഞുമാറും.

ഭാവിയില്‍ ഇത്തരം അപകടങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള സുരക്ഷാ ഓഡിറ്റിങ് നടത്തുകയാണ് വേണ്ടത്. വയാനാട്ടിലെ സ്‌കൂളില്‍ പെണ്‍കുട്ടി പാമ്പ് കടിയേറ്റ് മരിച്ചപ്പോള്‍ സ്‌കൂളുകളില്‍ സുരക്ഷാ ഓഡിറ്റിങ് നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നതാണ്. ആശുപത്രികളിലും ഇത്തരം ഓഡിറ്റിങ് വേണമെന്ന് ആവശ്യപ്പെട്ടിരുന്നതാണ്.

എന്നിട്ടാണ് മരിച്ച കുട്ടിയെ കുറ്റപ്പെടുത്തിയ മന്ത്രിയുടെ നേതൃത്വത്തില്‍ സൂംബ ഡാൻസ് നടത്തിയത്. ‌ഇവർക്കൊന്നും മനസാക്ഷിയില്ലേ എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ചോദിച്ചു.

അതിതീവ്ര മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ റെഡ് അലർട്ട്

ആലുവയിൽ രണ്ട് വിദ്യാർഥിനികള്‍ക്ക് എച്ച്‌1എന്‍1

മരിച്ചവരുടെ ആധാർ അസാധുവാക്കാൻ നടപടി

അന്ത്യചുംബനം നൽകാൻ അമ്മയെത്തും...

നടരാജ ശില്‍പ്പത്തിന്‍റെ പേരിലുള്ള പണം തട്ടിപ്പ് കേസ് വ്യാജം