വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി.
വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. 
Kerala

സബ്സിഡി ഒഴിവാക്കില്ലെന്നു വൈദ്യുതി മന്ത്രി

തിരുവനന്തപുരം: ദുർബല വിഭാഗങ്ങൾക്ക് സർക്കാർ നൽകുന്ന വൈദ്യുതി സബ്സിഡി ഒഴിവാക്കില്ലെന്നു വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. സബ്സിഡി റദ്ദാക്കാനുള്ള ഒരു ഉത്തരവും സർക്കാർ നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിൽ, 77 ലക്ഷത്തോളം ഉപഭോക്താക്കൾക്ക് സർക്കാർ സബ്സിഡിയുടെ ആനുകൂല്യം ലഭിക്കുന്നുണ്ട്. 30 യൂണിറ്റ് വരെ ശരാശരി പ്രതിമാസ ഉപഭോഗവും 500 വാട്ട് വരെ കണക്റ്റഡ് ലോഡും ഉള്ള എല്‍ടി ഗാർഹിക ഉപഭോക്താക്കൾക്ക് മുഴുവൻ വൈദ്യുതി ചാർജും സർക്കാർ സബ്സിഡിയായി നൽകുന്നു.

120 യൂണിറ്റ് വരെ പ്രതിമാസ ഉപഭോഗമുള്ള എല്‍ടി ഗാർഹിക ഉപഭോക്താക്കൾക്കും, ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവിക്കുന്ന എല്‍ടി ഗാർഹിക ഉപഭോക്താക്കൾക്കും, പ്രതിമാസ ഉപഭോഗം 50 യൂണിറ്റ് വരെയുള്ള 1000 വാട്ട് വരെ കണക്ടഡ് ലോഡ് ഉള്ള എല്‍ടി ഗാർഹിക ബിപിഎല്‍ ഉപഭോക്താക്കൾക്കും, എല്‍ടി കാർഷിക ഉപഭോക്താക്കൾക്കും വൈദ്യുതി ചാർജിൽ സർക്കാർ സബ്സിഡി ലഭിക്കുന്നുണ്ട്. വൈദ്യുതി നിരക്കിൽ വർധനയുണ്ടാകുമെങ്കിലും അർഹരായ ഉപഭോക്താക്കൾക്ക് ഈ സബ്സിഡി തുടർന്നും ലഭ്യമാക്കുന്നതാണെന്ന് മന്ത്രി അറിയിച്ചു.

അതേസമയം, വൈദ്യുതി നിരക്ക് വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ പോഷക സംഘടനയായ എഐവൈഎഫ് സർക്കാരിന് കത്ത് നൽകി. സംസ്ഥാനത്ത് വൈദ്യുത നിരക്കിലുണ്ടായ വർധന സാധാരണക്കാരെ ദുരിതത്തിലേക്ക് തള്ളിവിടുന്ന നടപടിയായി മാറിയെന്ന് എഐവൈഎഫ് വിമർശിക്കുന്നു. കഴിഞ്ഞ വർഷം റഗുലേറ്ററി കമ്മിഷൻ പ്രഖ്യാപിച്ച നിരക്ക് വർധനവിനു പിന്നാലെ സബ്സിഡി നഷ്ടപ്പെടുന്നത് പാവപ്പെട്ടവർക്ക് വൻ തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

വൈദ്യുതി ബില്ലിൽ കെഎസ്ഇബി ഈടാക്കിവരുന്ന പത്തു ശതമാനം ഇലക്ട്രിസിറ്റി ഡ്യൂട്ടി സർക്കാരിനു കൈമാറാൻ ഉത്തരവായതോടെ സാധാരണക്കാരായ ജനങ്ങൾക്ക് ലഭിച്ചിരുന്ന സബ്സിഡി ആനുകൂല്യം നിലച്ചിരിക്കുകയാണ്. സാധാരണക്കാർക്ക് ദോഷം ചെയ്യുന്ന ഇത്തരം തീരുമാനങ്ങൾ ഇടതുപക്ഷ സർക്കാരിനപ്പാടെ കളങ്കം വരുത്തി തീർക്കും എന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. അതിനാൽ ഇലക്ട്രിസിറ്റി ഡ്യൂട്ടി തുക പഴയപടി പുനഃസ്ഥാപിച്ച് ഉപഭോക്താക്കൾക്കും പെൻഷനേഴ്സിനും ഉണ്ടായ ബുദ്ധിമുട്ടിനു പരിഹാരം കണ്ടെത്തണമെന്ന് എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി ജിസ്‌മോനും പ്രസിഡന്‍റ് എൻ. അരുണും ആവശ്യപ്പെട്ടു.

വൈദ്യുതി തകരാർ: എറണാകുളത്ത് മണിക്കൂറുകളാ‍യി ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നു

റായ്ബറേലിയിൽ തോൽക്കുമ്പോൾ രാഹുൽ ഇറ്റലിയിലേക്കു പോകും: അമിത് ഷാ

എറണാകുളത്തും ഇടുക്കിയിലും ശക്തമായ മഴ: കരുണാപുരത്ത് മരം കടപുഴകി വീണ് വീട് തകർന്നു

കശ്മീരിലെ കുൽഗാമിൽ വീണ്ടും ഏറ്റുമുട്ടൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ കെ.പി. യോഹന്നാന്‍ കാ​ലം ചെ​യ്തു