കൊടും ചൂട്; സംസ്ഥാനത്ത് മൂന്നു ജില്ലകളിലായി മൂന്നുപേർക്ക് സൂര്യാഘാതമേറ്റു

 
Kerala

കൊടും ചൂട്; സംസ്ഥാനത്ത് മൂന്നു ജില്ലകളിലായി മൂന്നുപേർക്ക് സൂര്യാഘാതമേറ്റു

ചൂടുകൂടി വരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി ജനങ്ങൾക്കായി ജാഗ്രതാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്

പത്തനംതിട്ട: സംസ്ഥാനത്ത് ചൂട് കൂടിവരികയാണ്. അടുത്തിടെ കാസർഗോഡ് സൂര്യാഘാതമേറ്റ് ഒരാൾ മരിച്ചിരുന്നു. പിന്നാലെ ഇതാ സംസ്ഥാനത്തെ മൂന്നു ജില്ലകളിലായി മൂന്നു പേർക്ക് സൂര്യാതപമേറ്റു.

കോഴിക്കോട് ആനയാംകുന്നിൽ സുരേഷിനാണ് പൊള്ളലേറ്റത്. വാഴത്തോട്ടത്തിൽ പോയി വരുമ്പോൾ കഴുത്തിനാണ് പൊള്ളലേറ്റത്. മലപ്പുറം തിരൂരങ്ങാടിയിൽ 44 കാരനായ ഹുസൈന് പൊള്ളലേറ്റു. ഉച്ചയ്ക്ക് 12 മണിയോടെ വീടിന്‍റെ ടെറസിൽ വച്ചാണ് പൊള്ളലേറ്റത്. വലതു കയ്യിലും കഴുത്തിലുമാണ് പൊള്ളലേറ്റത്. പത്തനംതിട്ടയിൽ കോന്നി സ്വദേശിക്കാണ് പൊള്ളലേറ്റത്. കോന്നി പഞ്ചായത്തംഗം കെ.ജി. ഉദയനാണ് സൂര്യാതപമേറ്റത്.

ചൂടുകൂടി വരുന്ന സാഹചര്യത്തിൽ ദുരന്ത നിവാരണ അതോറിറ്റി ജനങ്ങൾക്കായി ജാഗ്രതാ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അതിനാല്‍ പകല്‍ 10 മണിമുതല്‍ 3 മണി വരെ നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കേണ്ടതാണ്.

സ്കൂൾ വിദ്യാർഥികളുടെ കാര്യത്തിൽ അധ്യാപകരും മാതാപിതാക്കളും പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും ക്ളാസ്മുറികളില്‍ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാഹാളുകളില്‍ കുടിവെള്ളം ഉറപ്പാക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകുന്നു.

പരമാവധി ശുദ്ധജലം കുടിക്കുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക. അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കണമെന്നും മുന്നറിയിപ്പുണ്ട്.

യുവതി തൂങ്ങി മരിച്ച സംഭവം; കൂടുതൽ പേരുടെ മൊഴിയെടുക്കാൻ പൊലീസ്

സൈനിക കരുത്തു കാട്ടി ചൈന; യുഎസിന് പരോഷ മുന്നറിയിപ്പ്

കണ്ണൂർ മലയോര മേഖല‌യിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളും റോഡുകളും വെള്ളത്തിനടിയിലായി

പാക്കിസ്ഥാനിൽ ചാവേർ ബോംബ് സ്ഫോടനം; 11 പേർ കൊല്ലപ്പെട്ടു

ഇന്ത്യക്ക് നൽകുന്ന ക്രൂഡ് ഓയിലിന് റഷ്യ വില കുറച്ചു