സണ്ണി ജോസഫ്
File
തിരുവനന്തപുരം: നിയുക്ത കെപിസിസി പ്രസിഡന്‍റ് അഡ്വ. സണ്ണി ജോസഫ് എംഎല്‍എ, കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റുമാരായ പി.സി. വിഷ്ണുനാഥ് എംഎല്‍എ, എ.പി. അനില്‍കുമാര്‍ എംഎല്‍എ, ഷാഫി പറമ്പില്‍ എംപി, യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് എംപി എന്നിവര്‍ തിങ്കളാഴ്ച രാവിലെ 9.30ന് ചുമതലയേറ്റെടുക്കും.
കെപിസിസി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ നടത്തുന്ന ലളിതമായ ചടങ്ങ് എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും.
കെപിസിസി അധ്യക്ഷൻ കെ. സുധാകരന്‍ എംപി അധ്യക്ഷനാകുന്ന യോഗത്തില്‍ കേരളത്തിന്‍റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ചുമതല ഏറ്റെടുക്കുന്നതിനു മുന്നോടിയായി സണ്ണി ജോസഫ്, പി.സി. വിഷ്ണുനാഥ് എംഎല്‍എ, എ.പി. അനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവര്‍ തൃശൂരില്‍ ലീഡര്‍ കെ. കരുണാകരന്‍റെ സ്മൃതിമണ്ഡപത്തിലും കോട്ടയത്ത് ഉമ്മന്‍ ചാണ്ടിയുടെ കല്ലറയിലും കൊല്ലത്ത് ആര്‍. ശങ്കറുടെ സ്മൃതി മണ്ഡപത്തിലും പുഷ്പാര്‍ച്ചന നടത്തി.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായരെയും മറ്റ് മതമേലധ്യക്ഷന്മാരെയും മുതിർന്ന കോൺഗ്രസ് നേതാക്കളെയും സന്ദർശിച്ച ശേഷമാണ് തലസ്ഥാനത്തെത്തിയത്. രാവിലെ കെപിസിസി ആസ്ഥാനത്ത് നടക്കുന്ന സ്ഥാനാരോഹണ ചടങ്ങുകള്‍ക്കു മുൻപ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ. ആന്‍റണിയെ നിയുക്ത കെപിസിസി പ്രസിഡന്‍റും വര്‍ക്കിങ് പ്രഡിസന്‍റുമാരും സന്ദര്‍ശിക്കും.